കാൽഗറിയിൽ രണ്ട് കുട്ടികൾ വാഹനത്തിനുള്ളിൽ മരിച്ച സംഭവത്തിൽ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിലാണ് രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പിതാവായ 37-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് SUV യിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ ബുധനാഴ്ച തന്നെ കൊല്ലപ്പെട്ടതായാണ് കോടതി രേഖകൾ സൂചിപ്പിക്കുന്നത്. അതീവ ദാരുണമായ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കാൽഗറി പോലീസ് അറിയിച്ചു. കോടതി ഉത്തരവ് പ്രകാരം കൊല്ലപ്പെട്ട കുട്ടികളുടെയോ പ്രതിയുടെയോ പേരുവിവരങ്ങൾ പുറത്തുവിടാൻ അനുമതിയില്ല. കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഹോമിസൈഡ് യൂണിറ്റിലെ ഉദ്യോഗസ്ഥൻ സർജൻ്റ് മാർക്ക് റാൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. നഗരത്തെ ഒന്നടങ്കം നടുക്കിയ സംഭവത്തിൽ ഇരകളുടെ കുടുംബത്തിന് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.