മീനു ബത്രയെ മോചിപ്പിക്കാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടു

By: 600002 On: May 2, 2026, 12:03 PM



 

പി പി ചെറിയാന്‍

ടെക്‌സസ്: മുപ്പത് വര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ കോടതി വിവര്‍ത്തക മീനു ബത്രയെ  ഫെഡറല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. മീനുവിനെ തടങ്കലില്‍ വെച്ച നടപടിയില്‍ ഭരണഘടനാപരമായ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ടെക്‌സസിലെ ഫെഡറല്‍ കോടതിയുടെ ഉത്തരവ്.

അറസ്റ്റ്: കഴിഞ്ഞ മാര്‍ച്ച് 17-ന് ഹാര്‍ലിംഗനിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മീനുവിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബി, ഹിന്ദി, ഉറുദു ഭാഷകളില്‍ പ്രാവീണ്യമുള്ള ടെക്‌സസിലെ ഏക ലൈസന്‍സുള്ള വിവര്‍ത്തകയാണ് ഇവര്‍.

കൃത്യമായ നോട്ടീസോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മീനുവിനെ രണ്ടു മാസത്തോളം തടവില്‍ വെച്ചതെന്ന് കോടതി കണ്ടെത്തി. ഇവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ 30-ന് ഇവരെ ഉടന്‍ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു.

അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന തന്റെ മകന്‍ വഴി ഗ്രീന്‍ കാര്‍ഡിനായി മീനു ഉടന്‍ അപേക്ഷിക്കും. ഇവരെ നാടുകടത്താനുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകന്‍ ദീപക് അലുവാലിയ വ്യക്തമാക്കി.

നാല് മക്കളുടെ അമ്മയായ മീനുവിനെ ഇനിയൊരിക്കല്‍ കൂടി കസ്റ്റഡിയിലെടുക്കണമെങ്കില്‍ നിയമപരമായ നോട്ടീസ് നല്‍കണമെന്നും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇന്റര്‍വ്യൂ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.