പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു

By: 600007 On: Oct 6, 2021, 4:35 AM

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കോവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. കാർട്ടൂണുകളെ ജനകീനായക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു യേശുദാസൻ. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ രചയിതാവാണ്. 

ഏകദേശം അര നൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം അശോകമാധുരിയിലൂടെയാണ് കാർട്ടൂണിസ്റ്റായുള്ള പ്രവർത്തനം ആരംഭിക്കുന്നത്. മലയാള മനോരമയിലെ സ്റ്റാഫ് കാർട്ടുണിസ്റ്റായി ഏകദേശം 23 കൊല്ലം പ്രവർത്തിച്ച അദ്ദേഹം  ജനയുഗം, ശങ്കേഴ്സ് വീക്കിലി തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളിലും  പ്രവർത്തിച്ചിട്ടുണ്ട്. വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്'  'ജൂബാ ചേട്ടൻ' എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍  യേശുദാസന്റെ സൃഷ്ടികളാണ്.  

മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കേരള കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.ജി ജോർജിന്റെ ‘പഞ്ചവടിപ്പാലം എന്ന സിനിമയുടെ സംഭാഷണം, എന്റെ പൊന്നുതമ്പുരാൻ എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹം എഴുതിയതാണ്.