കാനഡയിലെ ക്യുബെക് പ്രവിശ്യയിൽ കുറഞ്ഞ വേതനം മണിക്കൂറിന് 16.60 ഡോളറായി വർദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 സെൻ്റിൻ്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഏകദേശം 2.5 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഈ വർദ്ധനവിൻ്റെ ഗുണം ലഭിക്കും.
ഹോട്ടലുകളിലും ബാറുകളിലും ജോലി ചെയ്യുന്ന, ടിപ്പ് ലഭിക്കുന്ന ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് 13.30 ഡോളറായി നിശ്ചയിച്ചു. കാനഡയിലെ മറ്റ് പ്രവിശ്യകളുമായി നോക്കുമ്പോൾ ക്യുബെക് ഇപ്പോൾ മധ്യനിരയിലാണ്. നുനാവട്ടിലാണ് ഏറ്റവും ഉയർന്ന വേതനം ($19.75). അതേസമയം ആൽബർട്ടയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ($15.00).
സർക്കാർ വലിയ വർദ്ധനവാണെന്ന് അവകാശപ്പെടുമ്പോഴും, ഇത് ഒന്നിനും തികയില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും ദാരിദ്ര്യ നിർമ്മാർജ്ജന ഗ്രൂപ്പുകളും പറയുന്നത്. മോൺട്രിയൽ പോലുള്ള നഗരങ്ങളിൽ മാന്യമായി ജീവിക്കണമെങ്കിൽ കുറഞ്ഞത് മണിക്കൂറിന് 30 ഡോളറെങ്കിലും ലഭിക്കണമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വീട്ടുവാടകയും ഭക്ഷണസാധനങ്ങളുടെ വിലയും വർദ്ധിക്കുന്നതിനനുസരിച്ചുള്ള മാറ്റം വേതനത്തിൽ ഇല്ലെന്ന് ഇവർ വാദിക്കുന്നു.
വേതനം വർദ്ധിപ്പിക്കുന്നത് ചെറുകിട ബിസിനസ്സുകളെ പ്രതിസന്ധിയിലാക്കുമെന്ന് ഉടമകളും ആശങ്കപ്പെടുന്നു.സാമ്പത്തിക സുരക്ഷയും ബിസിനസ്സ് താല്പര്യങ്ങളും തമ്മിലുള്ള വലിയൊരു തർക്കത്തിനാണ് ഈ പുതിയ മാറ്റം വഴിതെളിച്ചിരിക്കുന്നത്.