നാല് ലക്ഷത്തിലധികം വാട്ടർ മീറ്ററുകൾ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സിറ്റി ഓഫ് കാൽഗറി

By: 600110 On: May 2, 2026, 6:08 AM

 

നാല് ലക്ഷത്തിലധികം വാട്ടർ മീറ്ററുകൾ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സിറ്റി ഓഫ് കാൽഗറി. അഞ്ച് വർഷത്തെ ബൃഹത്തായ പദ്ധതിയാണ് സിറ്റി ഓഫ് കാൽഗറി നടപ്പിലാക്കുന്നത്. 2025 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി 2030-ഓടെ പൂർത്തിയാകും.

പുതിയ മീറ്ററുകൾ റീഡിംഗുകൾ തനിയെ അയക്കും. ഇതിനായി ഉദ്യോഗസ്ഥർ നേരിട്ട് എത്തേണ്ടി വരില്ല. പൈപ്പുകളിലെ ചെറിയ ചോർച്ചകൾ പോലും വേഗത്തിൽ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇത് അമിതമായ വാട്ടർ ബില്ല് ഒഴിവാക്കാൻ താമസക്കാരെ സഹായിക്കും.നിലവിൽ ചില വാർഡുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഓരോ പ്രദേശത്തും മീറ്റർ മാറ്റുന്നതിന് മുൻപ് താമസക്കാർക്ക് അറിയിപ്പും ഓൺലൈൻ ബുക്കിംഗ് കോഡും ലഭിക്കും. 

പുതിയ മീറ്ററുകൾ വരുന്നതോടെ വെള്ളത്തിൻ്റെ വില ഈടാക്കുന്ന രീതിയിലും മാറ്റം വന്നേക്കാം എന്ന ചർച്ചകൾ നടക്കുന്നുണ്ട്. വേനൽക്കാലത്തോ വെള്ളത്തിന് ക്ഷാമമുള്ളപ്പോഴോ ഉപയോഗം കുറയ്ക്കാൻ വേണ്ടി നിരക്ക് വർദ്ധിപ്പിക്കുന്ന രീതിയാണിത്. ഈ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കൗൺസിലർമാർ രംഗത്തുണ്ട്. അധിക ചാർജ് ഈടാക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്ന് ചിലർ വാദിക്കുന്നു.

നിലവിൽ പുതിയ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള മീറ്ററുകൾ മാറ്റില്ല, പകരം അവയിൽ പുതിയ വിവര കൈമാറ്റ സംവിധാനങ്ങൾ ഘടിപ്പിക്കുകയാണ് ചെയ്യുക. നഗരത്തിൻ്റെ ജലസംരക്ഷണ നയത്തിൻ്റെ ഭാഗമായാണ് ഈ വലിയ മാറ്റം നടപ്പിലാക്കുന്നത്.