നികുതിദായകരുടെ വ്യക്തിഗത റിട്ടേൺ ഫയലുകളിൽ തീരുമാനമെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നില്ലെന്ന് കാനഡ റവന്യൂ ഏജൻസി. നികുതി സംബന്ധമായ സുപ്രധാന തീരുമാനങ്ങൾ ഇപ്പോഴും മനുഷ്യർ തന്നെയാണ് എടുക്കുന്നതെന്ന് CRA വ്യക്തമാക്കി. എന്നാൽ നികുതി സംബന്ധമായ ചില കാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നും കാനഡ റവന്യൂ ഏജൻസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിലവിൽ 19 എഐ സംവിധാനങ്ങൾ CRA ഉപയോഗിക്കുന്നുണ്ട്. ഇതിൽ പൊതുവായ സംശയങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന 'ചാറ്റ് ബോട്ട്' സേവനവും ഉൾപ്പെടുന്നു. നികുതി ആനുകൂല്യങ്ങൾ, റീഫണ്ടുകൾ എന്നിവ നിശ്ചയിക്കാൻ എഐ ഉപയോഗിക്കുന്നില്ല. പൊതുവായ വിവരങ്ങൾ നൽകാനും ആഭ്യന്തര കാര്യങ്ങൾക്കുമാണ് നിലവിൽ എഐയുടെ സഹായം തേടുന്നത്. നികുതിദായകരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായി ലഭ്യമായ എഐ ടൂളുകളിൽ നൽകുന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് കർശനമായി നിരോധിച്ചിട്ടുണ്ട്.
എഐയുടെ ഉപയോഗത്തെക്കുറിച്ച് കാനഡയിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ഏകദേശം 90 ശതമാനം കാനഡക്കാരും തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ എഐ സംവിധാനങ്ങളിൽ നൽകുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണ്. എഐ നൽകുന്ന വിവരങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും, ഇത് നികുതി ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും നികുതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് പോലുള്ള രാജ്യങ്ങൾ എഐ ഉപയോഗം വ്യാപിപ്പിക്കുമ്പോഴും, കാനഡ വളരെ നിയന്ത്രിതമായ രീതിയിലാണ് ഈ മേഖലയിൽ മുന്നോട്ട് പോകുന്നത്.