കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ഒരു പ്രാഥമിക വിദ്യാലയത്തിൽ ആരംഭിച്ച പഞ്ചാബി ഭാഷാ പഠന ക്ലാസുകൾ വലിയ തർക്കങ്ങൾക്കും വംശീയ അധിക്ഷേപങ്ങൾക്കും വഴിതുറക്കുന്നു. പ്രിൻസ് ജോർജിലെ പെഡൻ ഹിൽ എലിമെൻ്ററി സ്കൂൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ കാനഡയിൽ ദേശീയതലത്തിൽ തന്നെ ചർച്ചയായിരിക്കുന്നത്.
സ്കൂളിലെ വിദ്യാർത്ഥികളിൽ 40 ശതമാനത്തോളം പേർ ഇൻഡോ-കനേഡിയൻ വംശജരാണ്. തങ്ങളുടെ കുട്ടികൾ മാതൃഭാഷയും സംസ്കാരവും മറന്നുപോകുന്നു എന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പ്രിൻസിപ്പൽ നിക്കോൾ പോൾഹുയിസ് ഇത്തരമൊരു 'ആഫ്റ്റർ സ്കൂൾ' പ്രോഗ്രാമിന് രൂപം നൽകിയത്. 2023-ൽ ഇന്ത്യയിൽ നിന്നും കുടിയേറിയ കമൽജീത് സൈനിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. മുതിർന്ന തലമുറയുമായി സംവദിക്കാനും സ്വന്തം പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഈ ക്ലാസുകൾ കുട്ടികളെ സഹായിക്കുന്നുവെന്ന് അനുകൂലിക്കുന്നവർ പറയുന്നു.
എന്നാൽ ക്ലാസുകൾ തുടങ്ങിയതോടെ കടുത്ത വംശീയ വിദ്വേഷവുമായി ഒരു വിഭാഗം രംഗത്തെത്തി. "ഇന്ത്യയിലേക്ക് തിരിച്ചുപോകൂ", "കാനഡ ഇന്ത്യയല്ല" എന്നിങ്ങനെയുള്ള വിദ്വേഷ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മാത്രം മതിയെന്നും, മറ്റ് ഭാഷകൾ പഠിപ്പിക്കുന്നത് സാംസ്കാരിക അധിനിവേശമാണെന്നുമാണ് വിമർശകരുടെ വാദം. എന്നാൽ, കാനഡയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നാലാമത്തെ ഭാഷയാണ് പഞ്ചാബി എന്ന യാഥാർത്ഥ്യം ഇവർ വിസ്മരിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും ക്ലാസുകളുമായി മുന്നോട്ട് പോകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. നിലവിൽ നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയിലുള്ളത്. ഇന്ത്യൻ വംശജരല്ലാത്ത കുട്ടികളും സ്കൂൾ ജീവനക്കാരും താൽപ്പര്യപൂർവ്വം ഈ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.