റദ്ദാക്കപ്പെട്ട കീസ്റ്റോൺ എക്സ്.എൽ (Keystone XL) പൈപ്പ്‌ലൈൻ പദ്ധതിക്ക് ജീവൻ നൽകി കൊണ്ട് കാനഡയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ അമേരിക്കയിലെ വ്യോമിംഗിലേക്ക് എത്തിക്കുന്ന പുതിയ പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. കനേഡിയൻ കമ്പനിയായ സൗത്ത് ബോ (South Bow), അമേരിക്കൻ പങ്കാളിയായ ബ്രിഡ്ജർ പൈപ്പ്‌ലൈൻ എന്നിവർ സംയുക്തമായാണ് ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്.
മുൻപ് ജോ ബൈഡൻ ഭരണകൂടം പരിസ്ഥിതി ആഘാതങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയ പദ്ധതിയെക്കാൾ വ്യത്യസ്തമായ പാതയിലൂടെയാണ് പുതിയ പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കാനഡയിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ 12 ശതമാനത്തിലധികം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡയിൽ ഇതിനോടകം നിർമ്മാണം പൂർത്തിയായ 150 കിലോമീറ്ററോളം വരുന്ന പൈപ്പ്‌ലൈൻ ഭാഗങ്ങൾ ഈ പുതിയ പദ്ധതിക്കായി ഉപയോഗിക്കും. നിലവിൽ ഈ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും വാണിജ്യപരമായ ചർച്ചകളും റെഗുലേറ്ററി അനുമതികളും പൂർത്തിയാകേണ്ടതുണ്ടെന്നും സൗത്ത് ബോ വക്താക്കൾ അറിയിച്ചു.
മോണ്ടാന, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പൈപ്പ്‌ലൈൻ എണ്ണ ശുദ്ധീകരണ ശാലകളുമായി ബന്ധിപ്പിക്കുന്നതിന് കൂടുതൽ അനുബന്ധ പൈപ്പ്‌ലൈനുകൾ നിർമ്മിക്കേണ്ടതുണ്ട്. നിയമപരമായ വെല്ലുവിളികളും പാരിസ്ഥിതിക അനുമതികളും ഇനിയും ബാക്കിയുണ്ടെങ്കിലും, ട്രംപിൻ്റെ ഈ നീക്കം വടക്കേ അമേരിക്കൻ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.