വടക്കുപടിഞ്ഞാറൻ കാൽഗറിയിലെ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഡിസ്ട്രിക്റ്റ് 3 പോലീസ് സ്റ്റേഷന് എതിർവശത്തുള്ള വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ച പോലീസ്, മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് കുട്ടികളുമായുള്ള ബന്ധമോ മരണകാരണമോ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. homicide യൂണിറ്റ് കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും കുട്ടികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഡ്യൂട്ടി ഇൻസ്‌പെക്ടർ ഡാരൻ സ്മിത്ത് പറഞ്ഞു. നിലവിൽ പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയില്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതർ വ്യക്തമാക്കി.