ഇക്വഡോറിലെ വർദ്ധിച്ചുവരുന്ന ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനേഡിയൻ പൗരന്മാർക്ക് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിലവിൽ അടിയന്തരാവസ്ഥയും രാത്രികാല കർഫ്യൂവും നിലനിൽക്കുന്നതിനാലാണ് ഈ നീക്കം. മെയ് മൂന്ന് മുതൽ 18 വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെങ്കിലും, പാസ്‌പോർട്ടും ടിക്കറ്റും കൈവശമുള്ള വിമാനയാത്രക്കാരെ വിമാനത്താവളങ്ങളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ സേനയ്ക്ക് സെർച്ച് വാറൻ്റ് ഇല്ലാതെ തന്നെ വീടുകളിൽ പരിശോധന നടത്താനും ആശയവിനിമയങ്ങൾ നിരീക്ഷിക്കാനും നിലവിൽ അധികാരമുണ്ട്. ഈ അസാധാരണ സാഹചര്യത്തിൽ ഇക്വഡോറിൽ ഉള്ള കനേഡിയൻ പൗരന്മാർ 'Registration of Canadians Abroad' (ROCA) എന്ന പോർട്ടലിൽ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഗാലപാഗോസ് ദ്വീപുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും റിപ്പോർട്ടിൽ പറയുന്നു