കാനഡയിലെ ബ്രാംപ്ടണിൽ ടോ ട്രക്കുകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച പുലർച്ചെ ജനവാസ മേഖലയിൽ പാർക്ക് ചെയ്തിരുന്ന ഒരു ടോ ട്രക്കിന് കൂടി തീപിടിച്ചു. ഒരാഴ്ചക്കിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.
ബ്രാംപ്ടണിലെ കിംഗ്‌നോൾ ഡ്രൈവിൽ പുലർച്ചെ 2:50-ഓടെയാണ് സംഭവം. വീടിൻ്റെ ഡ്രൈവ്‌വേയിൽ നിർത്തിയിട്ടിരുന്ന ട്രക്ക് പൂർണ്ണമായും തീപിടിച്ച നിലയിലായിരുന്നു. അഗ്നിശമന സേന ഉടൻ എത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. പീൽ റീജിയണൽ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇത് മനഃപൂർവ്വം തീയിട്ടതാണോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അസ്കോട്ട് അവന്യൂവിലും സമാനമായ രീതിയിൽ ടോ ട്രക്കിന് തീയിട്ടിരുന്നു. അത് മനഃപൂർവ്വം ചെയ്തതാണെന്ന് ഫയർ മാർഷൽ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് സംഭവങ്ങളിലും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ രണ്ട് തീപിടുത്തങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ടോ ട്രക്ക് കമ്പനികൾ തമ്മിലുള്ള കുടിപ്പകയാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ജനവാസ മേഖലകളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ബ്രാംപ്ടണിലെ താമസക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.