കാനഡയിൽ മുൻ ക്രിക്കറ്റ് ഒഫീഷ്യലിൻ്റെ വീടിന് നേരെ വെടിവെയ്പ്പ്: മൂന്ന് പേർ അറസ്റ്റിൽ

By: 600110 On: May 1, 2026, 11:02 AM

കാനഡയിലെ കാൽഗറിയിൽ മുൻ ക്രിക്കറ്റ് ബോർഡ് അംഗത്തിൻ്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കുറ്റം ചുമത്തി. പണം ആവശ്യപ്പെട്ടും ക്രിക്കറ്റ് ബോർഡിലെ തർക്കങ്ങൾ മുൻനിർത്തിയുമാണ് ഈ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

മുൻ ക്രിക്കറ്റ് കാനഡ ഒഫീഷ്യലിൻ്റെ വീടിന് നേരെ രണ്ടുതവണയാണ് വെടിവെയ്പ്പുണ്ടായത്. ഇതേത്തുടർന്ന് ഭയചകിതനായ അദ്ദേഹം പദവി രാജിവെക്കുകയും കുടുംബത്തോടൊപ്പം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുകയും ചെയ്തു. 1.5 ലക്ഷം ഡോളർ ആവശ്യപ്പെട്ട് അക്രമികൾ ഇദ്ദേഹത്തിന് നൂറിലധികം ഭീഷണി കോളുകൾ ചെയ്തിരുന്നു. പണം നൽകിയില്ലെങ്കിൽ ഇനിയും ആക്രമണമുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ജസ്കരൻ സിംഗ് (21), കരൺബീർ സിംഗ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജർമ്മൻജീത് സിംഗ് (22) എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

'ആകാശ് ഹരികെ 47' എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പാണ് വെടിവെയ്പ്പിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഉത്തരവാദിത്തം ഏറ്റെടുത്തത്. പഞ്ചാബി ഭാഷയിലായിരുന്നു ഇവരുടെ ഭീഷണി സന്ദേശങ്ങൾ. ക്രിക്കറ്റ് ബോർഡിലെ കരാറുകളുമായും നിയമകാര്യങ്ങളുമായും ബന്ധപ്പെട്ട് താൻ എടുത്ത നിലപാടുകളാണ് ആക്രമണത്തിന് പിന്നിലെന്ന് മുൻ ഒഫീഷ്യൽ വിശ്വസിക്കുന്നു. തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമായി നടന്നുവരികയാണ്.