സ്‌കൂള്‍ തുറക്കല്‍: മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

By: 600007 On: Oct 5, 2021, 6:15 PM


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അന്തിമ മാര്‍ഗരേഖ ഉടന്‍ ഇറങ്ങും. ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേളകള്‍  ഉണ്ടായിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. 

നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും ഓരോ ക്ലാസുകള്‍ക്കും വ്യത്യസ്തമായിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ രാവിലെയാണ് ക്ലാസുകള്‍ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബച്ചുകളായി തിരിക്കും.  ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ എത്തേണ്ട. 

ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍ സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കണം. സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. സ്‌കൂള്‍തല ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കും.

Content highlight: School reopening in kerala guidelines handed over to chief minister