പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ സന്ദര്‍ശനത്തിന് പിന്നാലെ സ്‌കോച്ച് വിസ്‌കിയുടെ മേല്‍ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകള്‍ പ്രസിഡന്റ് ട്രംപ് നീക്കം ചെയ്തു. സ്‌കോട്ട്‌ലന്‍ഡും അമേരിക്കയിലെ കെന്റക്കി സംസ്ഥാനവും തമ്മിലുള്ള വിസ്‌കി വ്യാപാരം മെച്ചപ്പെടുത്താനാണ് ഈ നീക്കം.
സ്‌കോച്ച് വിസ്‌കിയുടെ മേല്‍ കഴിഞ്ഞ ഏപ്രിലില്‍ ചുമത്തിയ 10 ശതമാനം നികുതിയാണ് ട്രംപ് ഒഴിവാക്കിയത്. ചാര്‍ലസ് രാജാവും കാമില രാജ്ഞിയും ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വിസ്‌കി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തടി വീപ്പകളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കും. സ്‌കോട്ട്‌ലന്‍ഡും കെന്റക്കിയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ നീങ്ങിയതായി ട്രംപ് വ്യക്തമാക്കി.
നികുതി വര്‍ദ്ധനയെത്തുടര്‍ന്ന് യുഎസിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതിയില്‍ 15 ശതമാനം ഇടിവുണ്ടായിരുന്നു. പുതിയ തീരുമാനത്തെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ സ്വാഗതം ചെയ്തു.
ഈ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും അമേരിക്കന്‍ വിസ്‌കി വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പുതിയ കരാര്‍ ഉപകരിക്കുമെന്ന് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് കെന്റ് പറഞ്ഞു.