നാറ്റോയുടെ ആദ്യ ബഹുരാഷ്ട്ര 'ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബാങ്കിൻ്റെ' ആസ്ഥാനമാകാൻ കാനഡയെ തിരഞ്ഞെടുത്തു. സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ സാമ്പത്തിക സഹായം നൽകുകയാണ് ഈ ബാങ്കിൻ്റെ പ്രധാന ലക്ഷ്യം.
യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ തുടങ്ങിയ വലിയ സൈനിക ഉപകരണങ്ങൾ വാങ്ങാൻ സഖ്യകക്ഷികളെ ഈ ബാങ്ക് സഹായിക്കും. പ്രതിരോധ ഫിനാൻസ്, സൈബർ സെക്യൂരിറ്റി, ഗവേഷണം എന്നീ മേഖലകളിലായി കാനഡയിൽ ഏകദേശം 3,500 പുതിയ തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഡ്രോണുകൾ, സൈബർ ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലെ കാനഡയിലെ പ്രതിരോധ സ്റ്റാർട്ടപ്പുകൾക്ക് എളുപ്പത്തിൽ മൂലധനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.
ടൊറൻ്റോ, ഓട്ടവ, വാൻകൂവർ, മോൺട്രിയൽ എന്നീ നഗരങ്ങൾ ബാങ്കിൻ്റെ ആസ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട്. ഇത് കാനഡയുടെ ആഗോള സ്വാധീനംവർദ്ധിപ്പിക്കുമെങ്കിലും, സാമൂഹിക ക്ഷേമ പദ്ധതികളേക്കാൾ പ്രതിരോധത്തിന് മുൻഗണന നൽകുന്നതിലെ ധാർമ്മിക വശങ്ങളെക്കുറിച്ചും സാമ്പത്തിക ബാധ്യതകളെക്കുറിച്ചും വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.