നോർത്ത് ഈസ്റ്റ് കാൽഗറിയിലെ സാഡിൽ റിഡ്ജിൽ 162,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ അത്ലറ്റിക് കോംപ്ലക്സ് വരുന്നു. നഗരത്തിലെ തന്നെ ഏറ്റവും വലിയ അത്‌ലറ്റിക് പാർക്കുകളിൽ ഒന്നായി മാറുന്ന ഈ പദ്ധതി 35 ഏക്കർ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. 80-ാം അവന്യൂ നോർത്ത് ഈസ്റ്റിൻ്റെയും മെറ്റിസ് ട്രയലിൻ്റെയും സംഗമസ്ഥാനത്താണ് ഈ സമുച്ചയം ഉയരുന്നത്. 2026-ലെ സിറ്റി ബജറ്റിൽ പദ്ധതിക്കാവശ്യമായ പൂർണ്ണ തുകയും വകയിരുത്തിയതോടെ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
നാല് മൾട്ടി-യൂസ് ആർട്ടിഫിഷ്യൽ ടർഫ് ഫീൽഡുകൾ, പ്രാദേശിക-ദേശീയ മത്സരങ്ങൾക്കായി സജ്ജീകരിച്ച ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ പുറംഭാഗത്തെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ ഇൻഡോർ ആർട്ടിഫിഷ്യൽ ടർഫ് ഫീൽഡ്, ക്രിക്കറ്റ് ബാറ്റിംഗ് നെറ്റുകൾ, 16 ടീം റൂമുകൾ, കാണികൾക്കുള്ള ഇരിപ്പിടങ്ങൾ എന്നിവയും സമുച്ചയത്തിനുള്ളിൽ സജ്ജീകരിക്കും. 500-ലധികം പാർക്കിംഗ് സൗകര്യങ്ങൾക്കൊപ്പം പാർക്കുകൾ, കളിസ്ഥലങ്ങൾ, നടപ്പാതകൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്. നിർമ്മാണത്തിനുള്ള പെർമിറ്റുകൾ സമർപ്പിച്ചു കഴിഞ്ഞതായും ഉടൻ തന്നെ കരാറുകാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു