ആൽബർട്ടയിൽ വർദ്ധിച്ചുവരുന്ന യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി 'ആൽബർട്ട യൂത്ത് എംപ്ലോയ്മെൻ്റ് ഇൻസെൻ്റീവ്' പദ്ധതിയുമായി സർക്കാർ രംഗത്തെത്തി. പ്രവൃത്തിപരിചയമില്ലാത്തതിൻ്റെ പേരിൽ ജോലി ലഭിക്കാത്ത 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിപ്രകാരം യുവതൊഴിലന്വേഷകരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് സർക്കാർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യും. ഒന്നോ രണ്ടോ യുവാക്കളെ നിയമിക്കുന്നവർക്ക് 4,000 ഡോളറും, മൂന്ന് മുതൽ അഞ്ച് വരെ പേരെ നിയമിക്കുന്നവർക്ക് 7,500 ഡോളറും വരെ ഗ്രാൻഡ് ഇനത്തിൽ ലഭിക്കും.
നൈപുണ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന കമ്പനികൾക്ക് പുതിയ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും നിയമിക്കുന്നതിനുമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് 'കരിയേഴ്സ്' സി.ഇ.ഒ സ്റ്റെഫാൻ റുട്ട്‌കോവ്സ്കി പറഞ്ഞു. നിലവിൽ 20 ശതമാനത്തോളമാണ് ആൽബർട്ടയിലെ യുവജന തൊഴിലില്ലായ്മ നിരക്ക്. ഇത് പരിഹരിക്കാൻ സർക്കാർ 4 ദശലക്ഷം ഡോളർ അധികമായി വകയിരുത്തുകയും പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് ഒരു വർഷമെങ്കിലും ആൽബർട്ടയിൽ പ്രവർത്തിപരിചയമുള്ള ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.