മെയിൽബോക്സ് മോഷണം: കാനഡയിലെ കാൽഗറിയിൽ രണ്ട് ഇന്ത്യൻ വംശജർക്ക് എതിരെ നൂറോളം കേസുകൾ

By: 600110 On: Apr 30, 2026, 12:44 PM

 

കാൽഗറിയിലുള്ള സ്കൈവ്യൂ റാഞ്ച് മേഖലയിൽ മുപ്പത്തഞ്ചോളം വീടുകളുടെ മെയിൽബോക്സുകൾ തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ചെസ്റ്റർമിയർ സ്വദേശിയായ കുൽവീന്ദർ സിംഗ് (35), കാൽഗറി സ്വദേശിയായ ജഗ്രൂപ്പ് സിംഗ് (27) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 21-ന് പുലർച്ചെ സ്കൈവ്യൂ പോയിൻ്റ് ഹീത്ത് മേഖലയിൽ നടന്ന മോഷണത്തെത്തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഹെലികോപ്റ്റർ (HAWCS) നിരീക്ഷണം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് പോലീസ് ഇവരുടെ വാഹനം തടഞ്ഞത്.

പ്രതികളുടെ വാഹനത്തിൽ നിന്ന് വലിയ തോതിലുള്ള തപാൽ ഉരുപ്പടികൾ, ചെക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയും മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. ഇതിനെത്തുടർന്ന് ഇവർക്കെതിരെ മെയിൽ മോഷണം, മോഷണമുതൽ കൈവശം വെക്കൽ, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.  ആകെ 98 ചാർജുകളാണ് എടുത്തിരിക്കുന്നത്. ഏപ്രിൽ 30-നും മെയ് ഒന്നിനുമായി ഇവരെ കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ  ഉള്ളവർ പോലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു