ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിങ് പോയിന്റ് ; ഉദ്ഘാടനം 9ന്

By: 600007 On: Oct 5, 2021, 6:06 PM

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വൈദ്യുതി തൂണില്‍നിന്ന് ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ഇബി. കോഴിക്കോട് നഗരത്തില്‍ പത്തിടങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമായി ചാര്‍ജിങ് പോയിന്റുകള്‍ തുടങ്ങുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'ചാര്‍ജ് മോഡു'മായി ചേര്‍ന്നാണ് പദ്ധതി. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിങ് പോയിന്റുകള്‍  ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിനു സമീപം  മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസടക്കമുള്ളവര്‍ പങ്കെടുക്കും.

സരോവരം മിനി ബൈപാസിലെ ബിവറേജസിനു സമീപം, കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം, ചെറൂട്ടി നഗര്‍ ജങ്ഷന്‍, ജോസഫ് റോഡ്, കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സ്, വാണിജ്യ നികുതി ഓഫീസ് റോഡ്, മേയര്‍ ഭവന്‍, മുത്തപ്പന്‍കാവ്, മൂന്നാലിങ്കല്‍, വെള്ളയില്‍ ഹാര്‍ബര്‍  എന്നിവിടങ്ങളിലാണ് ചാര്‍ജിങ് പോയിന്റുകള്‍. ചാര്‍ജ് മോഡ് എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യലാണ് ആദ്യപടി. ആപ് തുറന്നാല്‍ അടുത്ത ചാര്‍ജിങ് പോയിന്റ് എവിടെയെന്നും എത്ര വാഹനങ്ങളുണ്ടെന്നുമെല്ലാം അറിയാം. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നത്ര എളുപ്പത്തില്‍ പണവുമടയ്ക്കാം. നിരക്ക് എത്രയെന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനമാകും.

സ്‌കൂട്ടറുകളെയും ഓട്ടോറിക്ഷകളെയും ലക്ഷ്യമിട്ടാണ് ചാര്‍ജ് പോയിന്റുകള്‍. ജില്ലയില്‍ 250 ഇലക്ട്രിക് ഓട്ടോറിക്ഷകളാണുള്ളത്. നൂറ്റമ്പതും നഗര പരിധിയിലാണ്. സര്‍വീസ് നടത്തുന്നതിനിടെ അല്‍പ്പസമയം ചാര്‍ജ് ചെയ്ത് യാത്ര തുടരാനാകുമെന്നതാണ് പദ്ധതിയുടെ ഗുണമെന്ന് കെഎസ്ഇബി അറിയിച്ചു. 

Content highlight: charger post are ready inauguration on 9th oct