ഫിഫ ലോകകപ്പ് 2026: ഹൂസ്റ്റണിലെ വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോം പുറത്തിറക്കി

By: 600002 On: Apr 30, 2026, 7:27 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയര്‍മാര്‍ക്കുള്ള ഔദ്യോഗിക യൂണിഫോം പുറത്തിറക്കി. 'പോസ്റ്റ് ഹൂസ്റ്റണില്‍' നടന്ന ചടങ്ങില്‍ ഹോസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ക്രിസ് കാനറ്റിയും വോളന്റിയര്‍ മാനേജര്‍ ടോക്കെ അവോഫാലയും ചേര്‍ന്നാണ് യൂണിഫോം അവതരിപ്പിച്ചത്.

ആഗോളതലത്തില്‍ നടന്ന കടുത്ത മത്സരത്തിനൊടുവില്‍ 35,000 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത 4,100 പേരാണ് ഹൂസ്റ്റണിലെ വോളന്റിയര്‍ സംഘത്തിലുള്ളത്.

ഫിഫയുടെ പങ്കാളിയായ അഡിഡാസ് ആണ് യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടി-ഷര്‍ട്ടുകള്‍, ജാക്കറ്റ്, പാന്റ്‌സ്, ഷോര്‍ട്ട്‌സ്, ഷൂസ്, തൊപ്പി എന്നിവയുള്‍പ്പെടെയുള്ള 10 ഇനങ്ങളാണ് കിറ്റിലുള്ളത്. ഹൂസ്റ്റണിലെ കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് വായുസഞ്ചാരമുള്ള പ്രത്യേക മെറ്റീരിയലുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

എന്‍.ആര്‍.ജി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ കൂടാതെ, വിമാനത്താവളങ്ങള്‍, ഫാന്‍ ഫെസ്റ്റിവലുകള്‍, ടീം ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാകും.

150-ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വോളന്റിയര്‍മാരായി ഉണ്ടെങ്കിലും, വിദേശ സഞ്ചാരികളെ സഹായിക്കാന്‍ ഫാന്‍ ഫെസ്റ്റ് ബൂത്തുകളില്‍ പ്രത്യേക ഫോണ്‍ ട്രാന്‍സ്ലേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

'വോളന്റിയര്‍മാരില്ലാതെ ഹൂസ്റ്റണില്‍ ഇത്രയും വലിയൊരു ടൂര്‍ണമെന്റ് നടത്തുക സാധ്യമല്ല. അവരാണ് ഈ പ്രോഗ്രാമിന്റെ ഹൃദയമിടിപ്പ്.' ടോക്കെ അവോഫാലയാണ് വോളന്റിയര്‍ മാനേജര്‍.

ലോകകപ്പ് മത്സരങ്ങള്‍ക്കായി എത്തുന്ന കാണികള്‍ക്ക് മികച്ച അനുഭവം നല്‍കാനും നഗരത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹോസ്റ്റ് കമ്മിറ്റി അറിയിച്ചു.