ആൽബർട്ടയിലെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പുതിയ സർവ്വെ

By: 600110 On: Apr 30, 2026, 5:53 AM

ആൽബർട്ടയിലെ ജനങ്ങൾ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സിബിസി ന്യൂസിൻ്റെ പുതിയ സർവ്വെ. മാസച്ചെലവുകൾ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുത്തനെ വർധിച്ചിരിക്കുകയാണ്. സർവേയിൽ പങ്കെടുത്ത ആൽബർട്ട നിവാസികളിൽ 60 ശതമാനത്തോളം പേർ പ്രതിമാസ ബില്ലുകൾ അടയ്ക്കാൻ കഷ്ടപ്പെടുന്നവരാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിൻ്റെ വർധനവാണ് ഈ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.  വീട്ടുപയോഗ സാധനങ്ങളുടെയും ഇന്ധനത്തിൻ്റെയും വില വർധിച്ചത് കുടുംബങ്ങളെ സാരമായി ബാധിച്ചു. പല കുടുംബങ്ങളും ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കാനും ചെറിയ വീടുകളിലേക്ക് മാറാനും നിർബന്ധിതരാകുന്നുണ്ട്.

പലരുടെയും പലചരക്ക് ബില്ലുകൾ മൂന്നിരട്ടിയോളം വർധിച്ചതായാണ് സർവേയിൽ പങ്കെടുത്തവർ പറയുന്നത്.  കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ 30 ശതമാനം സാധ്യതയുണ്ടെന്ന് മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ സ്റ്റീഫൻ പോളോസ് മുന്നറിയിപ്പ് നൽകി. പകുതിയിലധികം പേരും വിശ്വസിക്കുന്നത് ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ്. അതിനാൽ തന്നെ വീട്, കാർ തുടങ്ങിയ വലിയ നിക്ഷേപങ്ങൾ നടത്താൻ 67 ശതമാനം പേരും ഭയപ്പെടുന്നു.

ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം എണ്ണവില വർധിച്ചതും ആഗോള തലത്തിലെ അനിശ്ചിതത്വവുമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഈ സാമ്പത്തിക പ്രതിസന്ധി എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. ജോലിയില്ലാത്തവരിൽ 85 ശതമാനം പേരും ദൈനംദിന ചെലവുകൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. യുവാക്കളിൽ 68 ശതമാനവും മുതിർന്ന പൗരന്മാരിൽ 46 ശതമാനവും ബില്ലുകൾ അടയ്ക്കാൻ പ്രയാസപ്പെടുന്നവരാണ്. അടിയന്തര ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകളെ അമിതമായി ആശ്രയിക്കുന്നത് പലരെയും വലിയ കടക്കെണിയിലേക്കും എത്തിക്കുന്നുണ്ട്.