വിമാനയാത്രയിൽ പോർട്ടബിൾ ചാർജറുകൾക്ക് നിയന്ത്രണം: പുതിയ നിയമങ്ങളുമായി അമേരിക്കൻ എയർലൈൻസ്

By: 600110 On: Apr 29, 2026, 12:01 PM

വിമാനയാത്രയ്ക്കിടെ പോർട്ടബിൾ ചാർജറുകൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി അമേരിക്കൻ എയർലൈൻസ്. ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. 2026 മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ഒരാൾക്ക് പരമാവധി രണ്ട് പോർട്ടബിൾ ചാർജറുകൾ മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. കൂടാതെ, ഓരോ ചാർജറിൻ്റെയും ശേഷി 100 വാട്ട്-അവർ (100Wh) കവിയാൻ പാടില്ല.

വിമാനത്തിനുള്ളിൽ ചാർജറുകൾ ഉപയോഗിക്കുമ്പോൾ അവ എപ്പോഴും യാത്രക്കാരൻ്റെ കാഴ്ചയിൽ എത്തുന്ന തരത്തിലോ കൈയെത്തും ദൂരത്തോ ആയിരിക്കണമെന്നും എയർലൈൻസ് നിർദ്ദേശിക്കുന്നു. യാത്രക്കാർ തങ്ങളുടെ പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് ബിന്നുകളിൽ (സീറ്റിന് മുകളിലെ ബാഗേജ് ബോക്സ്) സൂക്ഷിക്കാൻ പാടില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, വിമാനത്തിലെ സീറ്റുകളിലുള്ള ചാർജിംഗ് പോർട്ടുകൾ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും നിരോധനമുണ്ട്.

പവർ ബാങ്കുകൾ അമിതമായി ചൂടാവുകയോ പുക ഉയരുകയോ ചെയ്താൽ വിമാന ജീവനക്കാർക്ക് പെട്ടെന്ന് ഇടപെടാൻ സാധിക്കണമെന്ന സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് ഈ നടപടി. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടർന്നാണ് അമേരിക്കൻ എയർലൈൻസ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.