ഒൻ്റാരിയോയിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര അറിയിച്ചു. ക്ലാസ് മുറികളിൽ നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ, സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ഒരിടത്തും ഫോൺ അനുവദിക്കാത്ത രീതിയിലുള്ള കടുത്ത നിയമനിർമ്മാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.
വിദ്യാലയങ്ങളിൽ മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികളുടെ പഠനത്തെയും അച്ചടക്കത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നീക്കം. പ്രത്യേക ആരോഗ്യപരമായ കാരണങ്ങളുള്ളവർക്ക് മാത്രമായിരിക്കും ഈ നിയമത്തിൽ ഇളവ് അനുവദിക്കുക. സ്‌കൂൾ സമയങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഫെഡറൽ ഗവൺമെൻ്റുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ അടിമത്തവും സൈബർ ഭീഷണികളും തടയാൻ പ്രായപരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയിലുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാലയങ്ങളിലെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും ഇത്തരം കർശനമായ നടപടികൾ അനിവാര്യമാണെന്നാണ് സർക്കാരിൻ്റെ നിലപാട്. മാനിറ്റോബ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകൾ നടപ്പിലാക്കിയ നിയമങ്ങളേക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് ഒൻ്റാരിയോ ലക്ഷ്യമിടുന്നത്.