പി പി ചെറിയാന്‍
വെര്‍ജീനിയ: താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാണെന്ന് അവകാശപ്പെട്ട യുഎസ് സ്വദേശിയായ അമ്മയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു. 2024-ല്‍ നടന്ന ഈ ദാരുണമായ സംഭവത്തില്‍ വെര്‍ജീനിയയിലെ നെല്‍സണ്‍ കൗണ്ടി സ്വദേശിനിയായ ഓട്ടം ഗ്രേസ് വുഡ്സിനാണ് കോടതി ശിക്ഷ വിധിച്ചത്.
10 വര്‍ഷം തടവിന് വിധിച്ചെങ്കിലും, ശിക്ഷാ ഇളവുകള്‍ക്ക് ശേഷം ഏകദേശം മൂന്നര വര്‍ഷം വുഡ്സ് ജയിലില്‍ കഴിയേണ്ടി വരും. മനഃപൂര്‍വമല്ലാത്ത നരഹത്യ, ക്രൂരമായ ശിശു പീഡനം എന്നീ കുറ്റങ്ങള്‍ ഇവര്‍ കോടതിയില്‍ സമ്മതിച്ചു.
ആറ് ആഴ്ച മാത്രം പ്രായമുള്ള സൈറസ് ജെയിംസ് ഗാര്‍ഫീല്‍ഡ് എന്ന കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, കുഞ്ഞിന്റെ ശരീരത്തില്‍ പഴയ വാരിയെല്ല് ഒടിവുകള്‍ കണ്ടെത്തിയത് നിരന്തരമായ പീഡനത്തിന്റെ തെളിവായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കുഞ്ഞുമായി സോഫയില്‍ കിടന്നുറങ്ങിയതാണെന്നും പിന്നീട് എഴുന്നേറ്റപ്പോള്‍ കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്നുമാണ് വുഡ്സ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായതായി കണ്ടെത്തി. കുഞ്ഞിന്റെ പിതാവായ ഈഥന്‍ ഗാര്‍ഫീല്‍ഡും സമാനമായ കുറ്റാരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇയാളുടെ വിചാരണ കോടതിയില്‍ നടന്നു വരികയാണ്.