കാനഡയിൽ നിന്ന് വിട്ടുപോകാൻ താൽപ്പര്യമില്ലെന്ന് ഭൂരിഭാഗം ആൽബർട്ടക്കാരും; വിഘടനവാദത്തിന് പിന്തുണ കൂടുന്നില്ലെന്ന് സർവേ

By: 600110 On: Apr 29, 2026, 4:06 AM

 

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് പ്രത്യേക രാജ്യമാകണമെന്ന ആവശ്യത്തിന് ആൽബർട്ട പ്രവിശ്യയിൽ പിന്തുണ കൂടുന്നില്ലെന്ന് പുതിയ സർവേ ഫലം. സി.ബി.സി ന്യൂസ് നടത്തിയ വോട്ടെടുപ്പിൽ 67 ശതമാനം പേരും കാനഡയ്‌ക്കൊപ്പം തുടരാനാണ് താൽപ്പര്യപ്പെടുന്നത്. 27 ശതമാനം ആളുകൾ മാത്രമാണ് വിട്ടുപോകണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നത്.

കഴിഞ്ഞ എട്ട് വർഷമായി വിഘടനവാദത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്ത ആറ് ശതമാനം പേർ വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭരണകക്ഷിയായ യു.സി.പി അനുയായികളിൽ 57 ശതമാനം പേർ വേർപിരിയലിനെ അനുകൂലിക്കുമ്പോൾ, പ്രതിപക്ഷമായ എൻ.ഡി.പി അനുകൂലികൾ കാനഡയിൽ തുടരണമെന്ന പക്ഷക്കാരാണ്.

ഉയർന്ന വരുമാനമുണ്ടായിട്ടും ജീവിതച്ചെലവ് വർദ്ധിച്ചതിൽ പ്രയാസം അനുഭവിക്കുന്നവരിൽ പകുതിയോളം പേർ കാനഡയിൽ നിന്ന് വേർപിരിയുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നവരാണ്. വിട്ടുപോകുന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് 'സ്റ്റേ ഫ്രീ ആൽബർട്ട' എന്ന സംഘടന  1,78,000-ഓളം ഒപ്പുകൾ ശേഖരിച്ചിട്ടുണ്ട്. മെയ് രണ്ടിനാണ് ഒപ്പുശേഖരണത്തിനുള്ള അവസാന തീയതി.

ആൽബർട്ടയ്ക്ക് കൂടുതൽ സ്വയംഭരണാധികാരം വേണമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് ആവശ്യപ്പെടുമ്പോഴും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന നിലപാടിനോട് അവർ യോജിക്കുന്നില്ല. അതേസമയം, സർവേ ഫലങ്ങൾ തള്ളിക്കളയുന്നതായും ജനങ്ങൾക്കിടയിൽ വിഘടനവാദത്തിന് വലിയ പിന്തുണയുണ്ടെന്നുമാണ് സമരനേതാക്കളുടെ അവകാശവാദം.