കാനഡയിൽ അലർജി ഭീഷണി വർധിക്കുന്നു: കാലാവസ്ഥാ വ്യതിയാനം വില്ലനാകുന്നു; ഒൻ്റാരിയോയിൽ സ്ഥിതി ഗുരുതരം

By: 600110 On: Apr 29, 2026, 4:03 AM

 

കാനഡയിൽ അലർജി ബാധിക്കുന്നവരുടെ എണ്ണവും അതിൻ്റെ തീവ്രതയും വർധിക്കുന്നതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കാർബൺ ഡൈ ഓക്സൈഡിൻ്റെ വർധിച്ച അളവ് എന്നിവയാണ് അലർജി സീസൺ നീണ്ടുനിൽക്കാൻ കാരണമാകുന്നത്. കാനഡയിൽ അലർജി രോഗികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പ്രവിശ്യയായി ഒൻ്റാരിയോ മാറി.

കഴിഞ്ഞ 25 വർഷത്തിനിടെ വായുവിലെ പൂമ്പൊടിയുടെ അളവ് ഇരട്ടിയായതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ചൂട് കൂടുന്തോറും സസ്യങ്ങൾ കൂടുതൽ പൂമ്പൊടി ഉല്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. വസന്തകാലവും ശരത്കാലവും നീണ്ടുനിൽക്കുന്നത് അലർജി ഉണ്ടാക്കുന്ന പൂമ്പൊടിയുമായി കൂടുതൽ കാലം സമ്പർക്കമുണ്ടാക്കാൻ ഇടയാക്കുന്നു. ഇത്തവണ തണുപ്പ് നീണ്ടുനിന്നതിനാൽ മെയ് പകുതിയോടെ അലർജി സീസൺ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതുന്നത്.

നഗരങ്ങളിൽ വെച്ചുപിടിപ്പിക്കുന്ന ചില പ്രത്യേക തരം മരങ്ങൾ കൂടുതൽ പൂമ്പൊടി പുറത്തുവിടുന്നതും വായുമലിനീകരണവും സ്ഥിതി വഷളാക്കുന്നു. ഒൻ്റാരിയോയിലെ വിൻഡ്‌സർ, ഹാമിൽട്ടൺ, ബാരി എന്നിവയാണ് പട്ടികയിൽ മുന്നിൽ. ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയും പട്ടികയിലുണ്ട്. അറ്റ്ലാൻ്റിക് കാനഡയിലെ നഗരങ്ങളിലാണ് അലർജി ഭീഷണി കുറവായി കാണുന്നത്. ന്യൂഫൗണ്ട്‌ലാൻഡിലെ സെൻ്റ് ജോൺസ്, ന്യൂ ബ്രൺസ്‌വിക്കിലെ സെൻ്റ് ജോൺ തുടങ്ങിയ നഗരങ്ങൾ അലർജി രോഗികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നു.

കാനഡയിൽ താമസിക്കുന്നവർക്ക് അലർജിയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറുക അസാധ്യമാണെന്ന് ഈ മേഖലയിലെ ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം വരും വർഷങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.