ഒ.സി.ഐ ചട്ടങ്ങളിൽ മാറ്റം വരുത്തി ഇന്ത്യ.  പുതുക്കിയ ഫീസും പാസ്‌പോർട്ട് അപ്‌ഡേഷൻ നിയമങ്ങളും പ്രാബല്യത്തിൽ

By: 600110 On: Apr 28, 2026, 10:26 AM

 

 

വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായുള്ള ഒ.സി.ഐ. സംവിധാനത്തിൽ പത്ത് വർഷത്തിന് ശേഷം വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങൾ പ്രകാരം, ഒ.സി.ഐ. അപേക്ഷാ ഫീസുകളിൽ ആഗോളതലത്തിൽ ഏകീകരണം കൊണ്ടുവന്നു. പുതിയ നിയമമനുസരിച്ച് വിദേശത്ത് നിന്ന് പുതിയ ഒ.സി.ഐ കാർഡിനായി അപേക്ഷിക്കുന്നവർ 275 യു.എസ് ഡോളറോ അതിന് തുല്യമായ തുകയോ ഫീസായി നൽകണം. ഇന്ത്യയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ ഫീസ്‌ 15,000 രൂപയാണ്.

പുതിയ പാസ്‌പോർട്ട് ലഭിക്കുമ്പോൾ വിവരങ്ങൾ പുതുക്കുന്നതിനും വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനും 25 ഡോളർ ഫീസും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, പി.ഐ.ഒ (PIO) കാർഡുകൾ ഒ.സി.ഐ കാർഡുകളാക്കി മാറ്റുന്നതിനും നഷ്ടപ്പെട്ട കാർഡിന് പകരം ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും 100 ഡോളറാണ് പുതുക്കിയ നിരക്ക്.  ഫീസ് പരിഷ്കരണത്തോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ കർശനമാക്കിയിട്ടുണ്ട്. പുതിയ പാസ്‌പോർട്ട് എടുക്കുന്ന ഒ.സി.ഐ കാർഡ് ഉടമകൾ മൂന്ന് മാസത്തിനുള്ളിൽ നിർബന്ധമായും തങ്ങളുടെ ഓൺലൈൻ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ പുതുക്കാത്തവർക്ക് 25 ഡോളർ പിഴ ചുമത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ബയോമെട്രിക് വിവരങ്ങളും പാസ്‌പോർട്ട് രേഖകളും എമിഗ്രേഷൻ വിഭാഗത്തിൽ വേഗത്തിൽ ഒത്തുനോക്കുന്നതിനും ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. നേരത്തെ 20 വയസ്സ് തികയുമ്പോൾ നിർബന്ധമായിരുന്ന റീ-ഇഷ്യു നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും, പുതിയ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് തുടരണമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശത്തുള്ള പ്രവാസി സമൂഹത്തിന് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാനാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.