കാനഡയുടെ ചരിത്രത്തിലാദ്യമായി സ്വന്തമായി ഒരു സൊവറൈൻ വെൽത്ത് ഫണ്ട്  ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Apr 28, 2026, 8:28 AM

 

കാനഡയുടെ ചരിത്രത്തിലാദ്യമായി സ്വന്തമായി ഒരു സൊവറൈൻ വെൽത്ത് ഫണ്ട്  ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് 25 ബില്യൺ ഡോളർ പ്രാരംഭ മൂലധനവുമായാണ് ഈ ദേശീയ നിക്ഷേപ നിധി രൂപീകരിക്കുന്നത്. ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, ഖനനം, കൃഷി, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വൻകിട പദ്ധതികളിൽ ഈ തുക നിക്ഷേപിക്കും. സർക്കാർ നൽകുന്ന തുകയ്ക്കൊപ്പം സ്വകാര്യ നിക്ഷേപകരിൽ നിന്നുള്ള പങ്കാളിത്തവും ഉറപ്പാക്കും.

 നോർവേയിലും, ഗൾഫ് രാജ്യങ്ങളിലും നിലവിലുള്ളതു പോലെ വലിയൊരു നിക്ഷേപ നിധി കാനഡയ്ക്കും സ്വന്തമാകുകയാണ് ഇതിലൂടെ. വിദേശ നിക്ഷേപങ്ങളെ അമിതമായി ആശ്രയിക്കാതെ ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ഹ്രസ്വകാല ചെലവുകൾക്ക് പകരം രാജ്യത്തിൻ്റെ ഭാവിയിലേക്കുള്ള ദീർഘകാല നിക്ഷേപത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. വ്യവസായ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതിക മുന്നേറ്റത്തിനും ഇത് വഴിയൊരുക്കും.

ഇത്രയും വലിയൊരു ഫണ്ടിൻ്റെ വിനിയോഗത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി സുതാര്യത ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ലോകത്തിലെ മറ്റ് വലിയ നിക്ഷേപ നിധികളുമായി മത്സരിച്ച് നേട്ടമുണ്ടാക്കുക എന്നതും ഒരു വെല്ലുവിളിയാണ്. ഈ നിക്ഷേപ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്ന സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കും. 026 അവസാനത്തോടെ ആദ്യ ഘട്ട പദ്ധതികൾ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കാനഡയെ ആഗോള സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് ഉയർത്താൻ ഈ 'സൊവറൈൻ വെൽത്ത് ഫണ്ട്' സഹായിക്കുമെന്ന് പ്രധാനമന്ത്രി ഓട്ടവയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.