കാൽഗറി ഡൗൺടൗണിൽ പുതിയ പോലീസ് സ്റ്റേഷൻ തുറക്കണമെന്ന നിർദ്ദേശവുമായി മേയർ ജെറോമി ഫർകാസ്

By: 600110 On: Apr 28, 2026, 8:00 AM

 

നഗരഹൃദയത്തിൽ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും ക്രമസമാധാന പ്രശ്നങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട് കാൽഗറി ഡൗൺടൗണിൽ പുതിയ പോലീസ് സ്റ്റേഷൻ തുറക്കണമെന്ന നിർദ്ദേശവുമായി മേയർ ജെറോമി ഫർകാസ്. കുറ്റകൃത്യങ്ങൾ തടയുന്നതിനും നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മേയർ സമർപ്പിച്ച പ്രമേയം വരാനിരിക്കുന്ന മെയ് 26-ന് സിറ്റി കൗൺസിൽ ചർച്ച ചെയ്യും.

2025-ലെ കാൽഗറി പോലീസ് സർവീസ് റിപ്പോർട്ട് പ്രകാരം നഗരമധ്യത്തിൽ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ആറാം അവന്യൂവിലുള്ള ചെറിയ പോലീസ് കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കുന്നില്ല എന്നതും അറസ്റ്റ് നടപടികൾക്കോ പട്രോളിംഗിനോ അവിടെ സൗകര്യമില്ലെന്നതും വലിയ പോരായ്മയായി മേയർ ചൂണ്ടിക്കാട്ടി. പോലീസിൻ്റെ നേരിട്ടുള്ള സാന്നിധ്യമില്ലാത്തതിനാൽ കച്ചവടക്കാരും വസ്തു ഉടമകളും വൻതുക നൽകി സ്വകാര്യ സെക്യൂരിറ്റികളെ നിയോഗിക്കേണ്ടി വരുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.

2017-ൽ വിക്ടോറിയ പാർക്ക് പോലീസ് സ്റ്റേഷൻ അടച്ചുപൂട്ടിയപ്പോൾ മുതൽ അത് പുനഃസ്ഥാപിക്കണമെന്ന ശക്തമായ നിലപാടിലാണ് ജെറോമി ഫർകാസ്. നഗരമധ്യത്തിൽ പോലീസിൻ്റെ സാന്നിധ്യം വേണമെന്നത് വ്യാപാരികളുടെയും താമസക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ്.  മെയ് 26-ന് കൗൺസിൽ ഈ പ്രമേയത്തിന് അംഗീകാരം നൽകുകയാണെങ്കിൽ, പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് വിശദമായ പഠനം നടത്തും. സ്റ്റേഷൻ നിർമ്മിക്കാനുള്ള ചെലവ്, ആവശ്യമായ ഫണ്ട്, അനുയോജ്യമായ സ്ഥലം, നിർമ്മാണ കാലാവധി എന്നിവ ഉൾപ്പെടുത്തി കാൽഗറി പോലീസ് കമ്മീഷനും ആൽബർട്ട സർക്കാരും ഈ വർഷം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് പുറത്തുവരുന്നതോടെ നഗരമധ്യത്തിലെ പുതിയ പോലീസ് സ്റ്റേഷൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.