അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ അധ്യാപക സർട്ടിഫിക്കേഷൻ പ്രക്രിയയുമായി ആൽബർട്ട സർക്കാർ. ജൂൺ ഒന്ന് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന ഈ പദ്ധതിയിലൂടെ, വരാനിരിക്കുന്ന ശരത്കാലത്തോടെ പുതിയ അധ്യാപകരെ ക്ലാസ് മുറികളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 80,000 പുതിയ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുമെന്നാണ് ആൽബർട്ടയുടെ കണക്കുകൂട്ടൽ. വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ആയിരക്കണക്കിന് പുതിയ അധ്യാപകരുടെ സേവനവും അനിവാര്യമാണ്. നിലവിലുള്ള അധ്യാപകരുടെ ജോലിഭാരവും മാനസിക സമ്മർദ്ദവും കുറയ്ക്കുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്.
വിവിധ വിഭാഗങ്ങളിലുള്ളവർക്ക് അധ്യാപനത്തിലേക്ക് വരാൻ നാല് തരം സർട്ടിഫിക്കറ്റുകളാണ് സർക്കാർ നൽകുന്നത്. ബിരുദ പഠനം പൂർത്തിയാക്കുന്നതിനൊപ്പം ഒരു വർഷത്തേക്ക് ഇവർക്ക് അധ്യാപനം നടത്താം. അന്താരാഷ്ട്ര തലത്തിൽ അധ്യാപന പരിചയമുള്ളവർക്ക് എളുപ്പത്തിൽ പ്രവേശനം നൽകും. വൈദഗ്ധ്യമുള്ള മേഖലകളിൽ 7 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അവസരം ലഭിക്കും.
മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രൊഫഷണലുകൾക്ക് പ്രത്യേക പരിശീലനത്തിന് ശേഷം അധ്യാപകരാകാം. അപേക്ഷകർ നിർബന്ധമായും അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത പരിശീലനം പൂർത്തിയാക്കിയിരിക്കണം. സ്കൂൾ ബോർഡുകൾ നടത്തുന്ന അഭിമുഖത്തിന് ശേഷമായിരിക്കും നിയമനം. ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സ്വന്തം വൈദഗ്ധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമേ പഠിപ്പിക്കാൻ അനുവാദമുള്ളൂ.
പുതിയ രീതി അധ്യാപന പ്രക്രിയയെ കൂടുതൽ ലളിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയസ് നിക്കോളൈഡ്സ് പറഞ്ഞു. എന്നാൽ, പരമ്പരാഗതമായ അധ്യാപന പരിശീലനമില്ലാതെ എത്തുന്നവരുടെ നിലവാരത്തെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ആൽബർട്ട നടപ്പിലാക്കുന്ന ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കത്തെ കാനഡയിലെ മറ്റ് പ്രവിശ്യകളും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.