ഷൂട്ടിങ് ബഹിരാകാശത്ത്; റഷ്യന്‍ നടിയും സംവിധായകനും പറന്നുയര്‍ന്നു

By: 600007 On: Oct 5, 2021, 5:38 PM

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ ചലച്ചിത്ര സംഘം. നടി യൂലിയ പെര്‍സില്‍ഡും സംവിധായകന്‍ ക്ലിം ഷില്‍പെന്‍കോയുമാണ് ചൊവ്വാഴ്ച റോക്കറ്റില്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ചലഞ്ച് എന്നാണ് ഇവരുടെ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. 

റഷ്യന്‍ സോയുസ് സ്‌പെയ്‌സ്‌ക്രാഫ്റ്റിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവിനൊപ്പമാണ് ഇവര്‍ യാത്ര തിരിച്ചത്. ഖസക്കിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു യാത്ര. ഇവര്‍ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് റിപ്പോര്‍ട്ട്. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ രക്ഷിക്കാനായി പുറപ്പെടുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. 

ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച് മാസങ്ങളായി കടുത്ത പരിശീലനത്തിലായിരുന്നു. പന്ത്രണ്ട് ദിവസമാണ് ബഹിരാകാശത്ത് ചിത്രീകരിക്കാനായി ഉദ്ദേശിക്കുന്നത്. 

Content highlight: Russian film crew blast offs to make first film in space