കാനഡയിലെ സൗത്ത് ഏഷ്യൻ വംശജരെ ലക്ഷ്യമിട്ട് നടക്കുന്ന വൻതോതിലുള്ള ഭീഷണിപ്പെടുത്തലുകൾക്കും പണം തട്ടലിനുമായി ക്രിമിനൽ സംഘങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ 'ഫിൻട്രാക്' മുന്നറിയിപ്പ് നൽകി. പഠനത്തിനായി കാനഡയിലെത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെയാണ് ബിഷ്ണോയ് ഗാംഗ്, ബംബിഹ ഗാംഗ് തുടങ്ങിയ ക്രിമിനൽ സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വലയിലാകുന്ന വിദ്യാർത്ഥികളെ പണം കൈമാറുന്നതിനും , ഭീഷണിപ്പെടുത്തലുകൾക്കും, അക്രമങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള സഹായികളായിട്ടാണ് ഈ സംഘങ്ങൾ ഉപയോഗിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ തുടങ്ങിയ പ്രവിശ്യകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട് . ചെറുകിട ബിസിനസ്സുകാരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് ഡോളറാണ് ഇവർ തട്ടിയെടുക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും എടിഎം വഴിയും നടക്കുന്ന അസ്വാഭാവികമായ വലിയ ഇടപാടുകൾ ശ്രദ്ധിക്കണമെന്ന് ഫിൻട്രാക് ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 17-നും 28-നും ഇടയിൽ പ്രായമുള്ള, ഇന്ത്യൻ പാസ്പോർട്ടുള്ള കോളേജ് വിദ്യാർത്ഥികളാണ് ഇത്തരം കെണികളിൽ കൂടുതലായി അകപ്പെടുന്നത് എന്നത് ഏറെ ഗൗരവകരമാണ്