66ാം വയസ്സില്‍ കാനഡയില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

By: 600002 On: Apr 27, 2026, 9:16 AM



 

സി വി സാമുവേല്‍, ഡിട്രോയിറ്റ്

മിസിസാഗ (കാനഡ): പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66-കാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണില്‍ (21 കിലോമീറ്റര്‍) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഏപ്രില്‍ 26 ഞായറാഴ്ച നടന്ന 'റണ്‍ യുവര്‍ സ്റ്റോറി 2026' എന്ന പരിപാടിയില്‍ ആയിരത്തിമുന്നൂറിലധികം പേര്‍ക്കൊപ്പമാണ് അദ്ദേഹം മത്സരിച്ചത്.

65 വയസ്സിന് മുകളിലുള്ളവര്‍ക്ക് അനുവദിച്ച 3 മണിക്കൂര്‍ 45 മിനിറ്റിന് പകരം വെറും 2 മണിക്കൂര്‍ 40 മിനിറ്റ് 2 സെക്കന്‍ഡ് കൊണ്ട് അദ്ദേഹം ഓട്ടം പൂര്‍ത്തിയാക്കി.

കഴിഞ്ഞ 35 വര്‍ഷമായി പ്രമേഹബാധിതനായ ജൂലിയസ്, മരുന്നുകളുടെ സഹായമില്ലാതെ വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.

മധ്യപ്രദേശിലെ രത്ലാമില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.

കാനഡയിലുള്ള മകനെ സന്ദര്‍ശിക്കാന്‍ എത്തിയ ജൂലിയസ്, വടക്കേ അമേരിക്കയില്‍ ഒരു മാരത്തണ്‍ ഓടുക എന്ന തന്റെ ആജീവനാന്ത സ്വപ്നമാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യയിലെ മെഡിക്കല്‍ അസോസിയേഷനുകളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം തന്റെ ജീവിതശൈലിയിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമേകുന്നു. മേയ് അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.