ശസ്ത്രക്രിയയ്ക്കിടെ മാറി അവയവം നീക്കം ചെയ്തു; ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

By: 600002 On: Apr 27, 2026, 9:04 AM



 

പി പി ചെറിയാന്‍

ഫ്‌ളോറിഡ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ അവയവം മാറി നീക്കം ചെയ്ത് മരണത്തിന് കാരണക്കാരനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തോമസ് ഷാക്‌നോവ്‌സ്‌കി (44) എന്ന ഡോക്ടറെ അദ്ദേഹം ലിഫ്റ്റ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഫ്‌ലോറിഡ പോലീസ് പിടികൂടിയത്.

2024 ഓഗസ്റ്റില്‍ വില്യം ബ്രയാന്‍ (70) എന്ന രോഗിയുടെ പ്ലീഹ നീക്കം ചെയ്യുന്നതിന് പകരം ഡോക്ടര്‍ അബദ്ധത്തില്‍ കരള്‍ നീക്കം ചെയ്തു. ഇതേത്തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും രോഗി ഓപ്പറേഷന്‍ ടേബിളില്‍ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

നീക്കം ചെയ്ത കരളിന് ഏകദേശം രണ്ട് കിലോയോളം തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്ലീഹ തന്നെയാണെന്ന് ഡോക്ടര്‍ അന്ന് തെറ്റായി അവകാശപ്പെട്ടിരുന്നു. സാധാരണഗതിയില്‍ പ്ലീഹയ്ക്ക് 150 ഗ്രാമില്‍ താഴെ മാത്രമേ തൂക്കം ഉണ്ടാകാറുള്ളൂ.

കഴിഞ്ഞ ഏപ്രില്‍ 13-ന് വിനോദസഞ്ചാരികളായ യാത്രക്കാരുമായി കാറില്‍ പോകുമ്പോഴാണ് തോമസിനെ പോലീസ് വളഞ്ഞത്. തോക്ക് ചൂണ്ടി പോലീസ് കാര്‍ തടഞ്ഞപ്പോള്‍ തങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്ന് കരുതിയെന്ന് യാത്രക്കാര്‍ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ ഡോക്ടറെ ലിഫ്റ്റ് പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്താക്കി. 'ഇനി മുതല്‍ ഞങ്ങള്‍ ഊബര്‍ മാത്രമേ ഉപയോഗിക്കൂ' എന്ന് യാത്രക്കാര്‍ തമാശയായി പ്രതികരിക്കുകയും ചെയ്തു.

നേരത്തെ തന്നെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട തോമസിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. മുന്‍പും മറ്റൊരു ശസ്ത്രക്രിയയിലെ പിഴവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ നിലവിലുണ്ട്.