പി പി ചെറിയാന്‍
ഡെന്റണ്‍ (ടെക്‌സാസ്): ടെക്‌സാസ് ഹെല്‍ത്ത് പ്രെസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ 27 വര്‍ഷമായി സന്നദ്ധസേവനം നടത്തുന്ന 95-കാരിയായ അഞ്ജനല്ലെ റിസ്ലി ശ്രദ്ധേയയാകുന്നു. 1999-ല്‍ തന്റെ വിരമിക്കല്‍ ജീവിതത്തിന് ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ വൊളന്റിയറായി സേവനം ആരംഭിച്ചത്.
വെറും 20 ബെഡുകളുള്ള ചെറിയ ആശുപത്രിയായിരുന്ന കാലം മുതല്‍, ഇന്ന് 256 ബെഡുകളുള്ള വലിയ സൗകര്യമായി ഈ ആശുപത്രി വളരുന്നത് റിസ്ലി നേരില്‍ കണ്ടിട്ടുണ്ട്.
ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ്, ഫ്രണ്ട് ഡെസ്‌ക് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി സര്‍ജറി വെയ്റ്റിംഗ് റൂമില്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമേകാനാണ് ഇവര്‍ സമയം ചെലവഴിക്കുന്നത്. കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം പലരും തിരികെ വരാതിരുന്നിട്ടും, റിസ്ലി തന്റെ സേവനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയുടെ ഹൃദയമിടിപ്പാണ് റിസ്ലിയെന്നും അവരുടെ അര്‍പ്പണബോധം അത്ഭുതപ്പെടുത്തുന്നതാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ചുറ്റുമുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ ലഭിക്കുന്ന അവസരമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ഈ 95-കാരി പുഞ്ചിരിയോടെ പറയുന്നു.