ഡാളസ് കേരള അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍; 'ഗോള്‍ഡന്‍ കേരള നൈറ്റ്' പ്രവാസി മലയാളികള്‍ക്ക് ദൃശ്യവിരുന്നായി

By: 600002 On: Apr 27, 2026, 8:31 AM


 

പി പി ചെറിയാന്‍

ഡാളസ്: അമേരിക്കയിലെ മലയാളി സംഘടനകളില്‍ മുന്‍പന്തിയിലുള്ള കേരള അസോസിയേഷന്‍ ഓഫ് ഡള്ളാസ് അതിന്റെ ചരിത്രപരമായ അന്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി സംഘടിപ്പിച്ച 'ഗോള്‍ഡന്‍ കേരള നൈറ്റ്' ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സൈറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആവേശകരമായി നടന്നു. ഏപ്രില്‍ 25 ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഡള്ളാസിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് പ്രവാസി മലയാളികളും പങ്കെടുത്തു.

കേരളത്തിന്റെ തനതായ കലാരൂപങ്ങളും ആധുനിക സംഗീത-നൃത്ത വിരുന്നുകളും കോര്‍ത്തിണക്കി ഒരുക്കിയ കലാസന്ധ്യ പ്രവാസി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറി. ആര്‍ട്‌സ് ഡയറക്ടര്‍ ജിജി പി. സ്‌കറിയയുടെ ഏകോപനത്തില്‍ ഡാളസിലെ  പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന വിവിധ കലാപ്രകടനങ്ങള്‍ പരിപാടിയുടെ മാറ്റ് കൂട്ടി. കേരളീയ സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന പ്രകടനങ്ങള്‍ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

1976-ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള അസോസിയേഷന്‍ ഓഫ് ഡാളസ് , അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിനിടയിലെ ഏറ്റവും ശക്തമായ സംഘടനയായി മാറിയിരിക്കുകയാണ്. അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം, സെക്രട്ടറി മഞ്ജിത്ത് കൈനിക്കര എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് മാത്യു നൈനാന്‍, കേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ തുടങ്ങി സാമൂഹിക മണ്ഡലത്തിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രവാസ ലോകത്തെ മലയാളികള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്ന് പരിപാടി തെളിയിച്ചു.

സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി വരും മാസങ്ങളിലും വിപുലമായ ആഘോഷ പരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനാണ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ജൂബിലി ആഘോഷങ്ങള്‍ വരും ദിവസങ്ങളിലും തുടരും.