പി പി ചെറിയാന്‍
പോര്‍ട്ട്‌ലാന്‍ഡു: അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ആറ് വയസ്സുകാരന്‍ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉടമയായ കോകോ മില്ലര്‍ക്ക് (57) ഏപ്രില്‍ 24 വെള്ളിയാഴ്ച കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2023 ഡിസംബറിലായിരുന്നു ലോയല്‍റ്റി സ്‌കോട്ട് എന്ന ഒന്നാം ക്ലാസ്സുകാരന്‍ കൊല്ലപ്പെട്ടത്.
കോകോ മില്ലര്‍ നോക്കിനടത്തിയിരുന്ന കുട്ടിയെ അവരുടെ തന്നെ 'ഗ്രേറ്റ് ഡേന്‍ മാസ്റ്റിഫ്' ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കള്‍ വീട്ടില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. 20 മിനിറ്റോളം നീണ്ടുനിന്ന ക്രൂരമായ ആക്രമണത്തിനൊടുവിലാണ് കുട്ടി മരിച്ചത്.
നായ്ക്കള്‍ക്ക് നേരത്തെയും ആക്രമണ സ്വഭാവം ഉണ്ടായിരുന്നിട്ടും കുട്ടിയെ അവയുടെ അടുത്തുവിട്ടത് കുറ്റകരമായ അശ്രദ്ധയാണെന്ന് കോടതി കണ്ടെത്തി.
വിധി പ്രസ്താവിച്ച ജഡ്ജി സെലിയ ഹൗസ്, പ്രതിക്ക് ലഭിച്ച പരമാവധി ശിക്ഷ പോലും ചെയ്ത തെറ്റിന് പകരമാകില്ലെന്ന് നിരീക്ഷിച്ചു. വിചാരണ വേളയില്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും കുട്ടി വാതില്‍ തുറന്നതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞ് പ്രതി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചിരുന്നു.
ആക്രമണം നടത്തിയ കാര്‍ലോസ്, ലോല എന്നീ നായ്ക്കളെ പിന്നീട് ദയാവധത്തിന് വിധേയമാക്കി.
കുട്ടിയുടെ കുടുംബത്തിന്റെ വേദന വാക്കുകള്‍ക്ക് അതീതമാണെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.