ഒൻ്റാരിയോയിലെ ആശുപത്രികളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി: നിരവധി പോസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നു

By: 600110 On: Apr 25, 2026, 1:50 PM


ഒൻ്റാരിയോയിലെ ആശുപത്രികൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. പ്രവിശ്യയിലെ 70 ശതമാനത്തിലധികം ആശുപത്രികളും നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ ഈ വർഷം 1.1 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചെങ്കിലും, ആശുപത്രികളുടെ യഥാർത്ഥ ആവശ്യത്തിൻ്റെ പകുതി പോലും ഇതിലൂടെ പരിഹരിക്കപ്പെടുന്നില്ലെന്ന് ഒൻ്റാരിയോ ഹോസ്പിറ്റൽ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

ഓട്ടവ ഹോസ്പിറ്റൽ, ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ തുടങ്ങിയ പ്രമുഖ ആരോഗ്യ കേന്ദ്രങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സാമ്പത്തികം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഒഴിവുകൾ നികത്താതിരുന്നും, early retirement  പ്രോത്സാഹിപ്പിച്ചുമാണ് ആശുപത്രികൾ ചെലവ് ചുരുക്കുന്നത്. എന്നാൽ ഈ നടപടി രോഗീപരിചരണത്തെ ദോഷകരമായി ബാധിക്കുമെന്ന് നഴ്സുമാരുടെ സംഘടനകളും പ്രതിപക്ഷ പാർട്ടികളും മുന്നറിയിപ്പ് നൽകുന്നു.

ഓരോ തവണയും ഒരു നഴ്സിനെയോ ലാബ് ടെക്നീഷ്യനെയോ കുറയ്ക്കുമ്പോൾ അത് ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് എൻഡിപി വിമർശിച്ചു. അതേസമയം, ഈ മാറ്റങ്ങൾ രോഗീപരിചരണത്തെ ബാധിക്കില്ലെന്നും ആശുപത്രികളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് പ്രതികരിച്ചു.