മിലാൻ കോൺസുലേറ്റിലെ അമിത ചെലവ്: കനേഡിയൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു

By: 600110 On: Apr 25, 2026, 1:43 PM

ഇറ്റലിയിലെ മിലാനിൽ പുതുതായി തുറന്ന കനേഡിയൻ കോൺസുലേറ്റിലെ ആഡംബര അലങ്കാരങ്ങൾക്കായി ലക്ഷക്കണക്കിന് ഡോളർ നികുതിപ്പണം ചെലവഴിച്ചതിൽ ഫെഡറൽ ഗവൺമെൻ്റിനെതിരെ കനേഡിയൻ ടാക്സ്‌പേയേഴ്‌സ് ഫെഡറേഷൻ  രംഗത്തെത്തി. കോൺസുലേറ്റിനെ മോടിപിടിപ്പിക്കുന്നതിനായി മാത്രം ഏകദേശം 59,000 ഡോളർ ചെലവഴിച്ചതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ 'അപ്‌സൈക്കിൾഡ്' കൗബോയ് ബൂട്ടുകൾ, വടിയിൽ കോർത്ത മിറ്റൻ തുടങ്ങിയ പ്രത്യേക കലാസൃഷ്ടികൾക്കായി മാത്രം 33,680 ഡോളർ ചെലവിട്ടു. ജനങ്ങളുടെ നികുതിപ്പണം ഇത്തരം അനാവശ്യ കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.ടി.എഫ് വക്താക്കൾ കുറ്റപ്പെടുത്തി.  

റോമിൽ കാനഡയ്ക്ക് നിലവിൽ എംബസി ഉണ്ടായിരിക്കെ, എന്തിനാണ് മിലാനിൽ ഇത്രയധികം തുക ചെലവാക്കി മറ്റൊരു കോൺസുലേറ്റ് തുറക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. കോൺസുലേറ്റിൻ്റെ ഫർണിച്ചറുകൾ, കാർപെറ്റ്, സൈനേജ് എന്നിവയ്ക്കായി 2,61,500 ഡോളറും അവയുടെ ഇൻസ്റ്റാളേഷനായി 41,000 ഡോളറും ചെലവഴിച്ചു. പരിസ്ഥിതി സൗഹൃദമായ നവീകരണത്തിൻ്റെ ഭാഗമായാണ് ഈ നടപടികളെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ ഈ ആഡംബരം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. 2007-ൽ ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി അടച്ചുപൂട്ടിയ ഈ കോൺസുലേറ്റ് 2020-ലാണ് ട്രൂഡോ ഗവൺമെൻ്റ് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.