കാനഡയിൽ സിഖ് വംശജന് നേരെ വംശീയ അധിക്ഷേപം: കൗമാരക്കാരൻ പിടിയിൽ

By: 600110 On: Apr 25, 2026, 11:43 AM

 

കാനഡയിലെ വുഡ്‌സ്റ്റോക്കിൽ പ്രായമായ സിഖ് വംശജനെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാവിലെ നൈറ്റ്‌സ് ലേന് സമീപമുള്ള നടപ്പാതയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് കാനഡയിലെ സിഖ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് വയോധികനെ സമീപിച്ചതെന്ന് പോലീസ് പറയുന്നു. ഇയാൾ സിഖ് വംശജനെ തടഞ്ഞുനിർത്തി വംശീയമായി അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സംഭവത്തിന് ശേഷം 
 പ്രതി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ പിന്നീട് തിരിച്ചറിഞ്ഞ പോലീസ്, വധഭീഷണി മുഴക്കൽ, ക്രിമിനൽ ഉപദ്രവം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കാനഡയിലെ സിഖ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

വിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വുഡ്‌സ്റ്റോക്ക് പോലീസ് അറിയിച്ചു. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.