പുതിയ ഊർജ്ജ കരാറിൽ ഒപ്പുവച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും

By: 600110 On: Apr 25, 2026, 10:48 AM

 

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പുതിയ ഊർജ്ജ കരാറിൽ ഒപ്പുവെച്ചു. ആൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയ തീരം വരെ നീളുന്ന കൂറ്റൻ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിയാണ് ഈ കരാറിലെ പ്രധാന ആകർഷണം. ആഗോള വിപണിയിലേക്ക് ആൽബർട്ടയുടെ എണ്ണ കയറ്റുമതി വർദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൈപ്പ്‌ലൈൻ കൂടാതെ ആണവോർജ്ജം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സെൻ്ററുകൾ, കാർബൺ ക്യാപ്‌ചർ പ്രോജക്റ്റുകൾ എന്നിവയും ഈ കരാറിൻ്റെ ഭാഗമാണ്. പദ്ധതി നടപ്പിലാക്കാൻ സ്വകാര്യ കമ്പനികളെ കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. നേരത്തെ നടന്ന ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ ചിലവ് 7.3 ബില്യൺ ഡോളറിൽ നിന്ന് 34 ബില്യൺ ഡോളറായി ഉയർന്നത് കമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മുൻ പ്രധാനമന്ത്രി ട്രൂഡോയുടെ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ആൽബർട്ടയും ഒട്ടാവയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ടാങ്കർ നിരോധനം, മലിനീകരണ നിയന്ത്രണങ്ങൾ തുടങ്ങിയ കർശന നിയമങ്ങളിൽ കാർണി ഇളവ് വരുത്തിയിട്ടുണ്ട്.

പദ്ധതിയെ പിന്തുണയ്ക്കുന്നവർ ഇതിനെ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായി കാണുമ്പോൾ, പരിസ്ഥിതി നാശത്തെക്കുറിച്ചും സാമ്പത്തിക നഷ്ടത്തെക്കുറിച്ചും വിമർശകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ, കൊൾഡ് ലേക്കിലെ ഗോത്രവർഗ്ഗ വിഭാഗങ്ങൾ സുരക്ഷാ പ്രശ്നങ്ങളും തങ്ങളുമായുള്ള കൂടിയാലോചനയുടെ കുറവും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. ആൽബർട്ടയുടെ സാമ്പത്തിക വളർച്ചയിൽ ഈ പൈപ്പ്‌ലൈൻ നിർണ്ണായകമാണെങ്കിലും, സ്വകാര്യ നിക്ഷേപകരെ കണ്ടെത്തുന്നതുൾപ്പെടെയുള്ള കടമ്പകൾ ഇനിയും ബാക്കിയാണ്.