2038ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ

By: 600002 On: Apr 25, 2026, 8:14 AM



2038ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ മുമ്പാകെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താല്‍പ്പര്യപത്രം സമര്‍പ്പിച്ചു. ദക്ഷിണ കൊറിയയും ആതിഥേയത്വത്തിനായി ശ്രമം തുടരുന്നുണ്ട്. അടുത്തിടെ ചൈനയില്‍ നടന്ന ഏഷ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ ഗെയിംസ് നടത്താനുള്ള ഇന്ത്യയുടെ താല്‍പ്പര്യം ചര്‍ച്ചയായിരുന്നു. 

അഹമ്മദാബാദ് മുഖ്യ വേദിയാക്കി 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ നടക്കാനിരിക്കെയാണ് എട്ട് വര്‍ഷം കഴിഞ്ഞെത്തുന്ന എഷ്യന്‍ ഗെയിംസ് നടത്താനും തയ്യാറാണെന്ന കാര്യം കൂടി ഇന്ത്യ അറിയിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് കഴിഞ്ഞ് വരുന്ന 2036-ലെ ഒളിമ്പിക്സിന് ഇന്ത്യയില്‍ വേദികളൊരുക്കാനും ഒളിമ്പിക് അസോസിയേഷന്‍ ശ്രമം നടത്തുകയാണ്. 2026-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളുന്നത് ജപ്പാനാണ്. 

2030-ല്‍ സൗദി അറേബ്യയിലും 2034-ല്‍ ദോഹയിലും ഏഷ്യന്‍ ഗെയിംസ് നടത്താന്‍ നേരത്തെ തന്നെ തീരുമാനമായതാണ്. ഏതായാലും ലോക കായിക മാമാങ്കങ്ങള്‍ക്ക് ഇന്ത്യക്ക് വേദി ലഭിച്ചാല്‍ സ്റ്റേഡിയങ്ങളടക്കം അടിസ്ഥാന സൗകര്യ വികസനങ്ങളും അതിനനുസരിച്ച് മെച്ചപ്പെടുത്തേണ്ടതായി വരും.