ഒക്ടോബറിൽ നടക്കാനിരിക്കുന്ന റഫറണ്ടത്തിന് മുന്നോടിയായി, വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി ആൽബർട്ട സർക്കാർ പുതിയ വെബ്സൈറ്റ് (AlbertaReferendum.ca) പുറത്തിറക്കി. കുടിയേറ്റ നയം, ഭരണഘടനാ പരിഷ്കാരം തുടങ്ങിയ ഒമ്പത് പ്രധാന വിഷയങ്ങളിലാണ് ജനഹിതപരിശോധന നടക്കുന്നത്. 2025-ൽ പ്രവിശ്യയിലുടനീളം നടത്തിയ ആൽബർട്ട നെക്സ്റ്റ് ചർച്ചകളിൽ നിന്ന് രൂപപ്പെട്ട ആശയങ്ങളാണ് റഫറണ്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആൽബർട്ടയിലെ ജനസംഖ്യയിലുണ്ടായ വർദ്ധനവും തൊഴിലില്ലായ്മ നിരക്കും വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ജനങ്ങളുടെ വ്യക്തമായ പിന്തുണ ആവശ്യമാണെന്നും, അതിനാൽ Yes എന്ന് വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
അതേസമയം, സർക്കാരിൻ്റെ ഈ നീക്കത്തെ പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി രൂക്ഷമായി വിമർശിച്ചു. നികുതിപ്പണം ദുരുപയോഗം ചെയ്ത് നടത്തുന്ന ഈ റഫറണ്ടം വെറും പ്രഹസനമാണെന്ന് അദ്ദേഹം ആരോപിച്ചു.ജനസംഖ്യാ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സർക്കാർ, കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, മുൻപ് നടന്ന റഫറണ്ടങ്ങളിലെ ജനവിധിയെ സ്മിത്ത് സർക്കാർ മാനിച്ചിട്ടില്ലെന്നും നെൻഷി കുറ്റപ്പെടുത്തി.