സെൻട്രൽ ആൽബർട്ടയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചെത്തിയ ആൾ ബർഗർ കിട്ടാത്തതിനെത്തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ പിടിയിലാവുകയും ചെയ്തു. റെഡ് ഡീറിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിൽ ഏപ്രിൽ 19 ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സിൽവർ ലേക്ക് സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ 35 മിനിറ്റോളം വാഹനം ഓടിച്ചാണ് റെസ്റ്റോറൻ്റിൽ എത്തിയത്. എന്നാൽ സാങ്കേതിക തകരാറുകൾ കാരണം ഭക്ഷണം നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ ഇയാൾ തർക്കത്തിലേർപ്പെടുകയും, ജീവനക്കാർ മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെട്ട് 911-ൽ പോലീസിനെ വിളിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് താൻ മദ്യപിച്ചിട്ടുണ്ടെന്നും എന്നാൽ ബർഗർ കഴിക്കാതെ പോകില്ലെന്നും ഇയാൾ വാശിപിടിച്ചു. ഇയാളിൽ ലഹരിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ശ്വസന പരിശോധനയ്ക്ക് പോലീസ് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല. ഇതിനെത്തുടർന്ന് ട്രാഫിക് സേഫ്റ്റി ആക്ട് പ്രകാരം ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മദ്യപിച്ച ശേഷം വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്ത് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.