എസ്എംഎസ് ബ്ലാസ്റ്റർ': കൂട്ടമായി തട്ടിപ്പ് സന്ദേശങ്ങൾ അയക്കുന്ന പുതിയ രീതിയുമായി സൈബർ ക്രിമിനലുകൾ

By: 600110 On: Apr 24, 2026, 8:15 AM

സെക്കൻഡുകൾക്കുള്ളിൽ ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന 'എസ്എംഎസ് ബ്ലാസ്റ്റർ' എന്ന ഉപകരണം ഉപയോഗിച്ച് ടൊറൻ്റോയിൽ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തോതിൽ സന്ദേശങ്ങൾ അയക്കാൻ ഈ ഉപകരണം സഹായിക്കും. ബാങ്കുകളുടെയോ പ്രമുഖ ഷോപ്പിംഗ് സൈറ്റുകളുടെയോ പേരിൽ വ്യാജ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങളാണ് ഇതിലൂടെ വരുന്നത്.

സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തിവിവരങ്ങൾ ചോർത്താനും പണം തട്ടാനും കുറ്റവാളികൾക്ക് സാധിക്കും.  സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ഉപകരണം ഓൺലൈനിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ് എന്നതാണ് വെല്ലുവിളി.നഒരേസമയം വൻതോതിൽ സന്ദേശങ്ങൾ വരുന്നത് മൊബൈൽ നെറ്റ്‌വർക്കുകളുടെ വേഗത കുറയ്ക്കാനും തടസ്സങ്ങൾ സൃഷ്ടിക്കാനും കാരണമാകും.

ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ ബന്ധമുള്ള സംഘടിത ക്രിമിനൽ സംഘങ്ങളാണെന്ന് പോലീസ് വിശ്വസിക്കുന്നു. അതിർത്തി കടന്നുള്ള അന്വേഷണം പോലീസിന് വലിയ വെല്ലുവിളിയാണ്. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.ഇത്തരം നമ്പറുകൾ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുകയും അധികൃതരെ അറിയിക്കുകയും ചെയ്യേണ്ടതാണ്. സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസ് പ്രത്യേകം നിർദ്ദേശിച്ചു.  ഫോണിലെ സെക്യൂരിറ്റി സെറ്റിംഗ്‌സ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യേണ്ടുമാണ്.