അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ കാനഡ വെറും കാഴ്ചക്കാരായിരിക്കില്ലെന്നും തുല്യനിലയിലായിരിക്കും ചർച്ചകൾ നടത്തുകയെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. വരാനിരിക്കുന്ന CUSMA (കാനഡ-യുഎസ്-മെക്സിക്കോ കരാർ) ചർച്ചകളെ മുൻനിർത്തിയാണ് അദ്ദേഹത്തിൻ്റെ ശക്തമായ വാക്കുകൾ.
കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, വനം ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതി നിലവിലുള്ള കരാറിൻ്റെ ലംഘനമാണെന്ന് കാർണി കുറ്റപ്പെടുത്തി. ഇവ കേവലം തർക്കങ്ങളല്ല, മറിച്ച് ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾ തുടങ്ങുന്നതിന് മുൻപായി കാനഡ ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാഷിംഗ്ടണിൻ്റെ ഒരു നിബന്ധനയും മുൻകൂട്ടി അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ വ്യവസായങ്ങളെയും പരമാധികാരത്തെയും ഒരു കാരണവശാലും പണയം വയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകണമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന കേവലം രാഷ്ട്രീയ പ്രസംഗം മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളി.
കാനഡയിലെ പ്രവിശ്യകളിൽ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ ആവശ്യപ്പെട്ടു. ഇത് തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന അമേരിക്കയുടെ ഭീഷണിയെ കാനഡ തള്ളിക്കളഞ്ഞു. ഡിജിറ്റൽ സർവീസ് ടാക്സ് പിൻവലിച്ചും, തിരിച്ചടിക്കുള്ള നികുതികൾ ഒഴിവാക്കിയും കാനഡ ഇതിനോടകം തന്നെ നല്ലൊരു വ്യാപാര അന്തരീക്ഷത്തിനായി ശ്രമിച്ചിട്ടുണ്ടെന്ന് കാനഡയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്റർ ജാനിസ് ചാരെറ്റ് പറഞ്ഞു.
2026 അവസാനത്തോടെ മെക്സിക്കോ, അമേരിക്ക എന്നിവരുമായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. അമേരിക്കൻ വിപണിയിലെ നിയന്ത്രണങ്ങൾ കനേഡിയൻ ബിസിനസ് മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള കർക്കശമായ ചർച്ചകൾക്കായിരിക്കും കാനഡ നേതൃത്വം നൽകുക. മാർക്ക് കാർണിയുടെ ഈ ഉറച്ച നിലപാട് വരാനിരിക്കുന്ന വ്യാപാര ചർച്ചകൾ ഏറെ കടുപ്പമേറിയതായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.