വിദ്യാർത്ഥികളെ ചതിക്കുഴിയിൽ വീഴ്ത്തി ക്രിമിനൽ സംഘങ്ങൾ

By: 600110 On: Apr 24, 2026, 8:07 AM

കാനഡയിലെ ദക്ഷിണേഷ്യൻ ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ക്രിമിനൽ സംഘങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. നിർമ്മാണം, റീട്ടെയിൽ, ട്രക്കിംഗ്, റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരാണ് പ്രധാനമായും ഈ ഭീഷണി നേരിടുന്നത്.

 17-നും 28-നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കോളേജ് വിദ്യാർത്ഥികളെയാണ് ക്രിമിനൽ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത്. പണം കടത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഇവരെ ഉപയോഗിക്കുന്നു. ബിസിനസുകാരെ വെടിയുതിർത്തും തീവെപ്പ് നടത്തിയും ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് ഡോളറാണ് ഇവർ തട്ടിയെടുക്കുന്നത്. ക്രിപ്‌റ്റോ കറൻസി, ഇമെയിൽ ട്രാൻസ്ഫർ, പണം നേരിട്ട് നൽകൽ എന്നീ വഴികളിലൂടെയാണ് ഇടപാടുകൾ നടക്കുന്നത്.

ബിഷ്‌ണോയ്, ബംബിഹ തുടങ്ങിയ ഗുണ്ടാസംഘങ്ങളുടെ പേരിലാണ് ഭീഷണി വരുന്നത്. ചില വ്യാജ സംഘങ്ങളും ഇവരുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നുണ്ട്. 2026-ൽ മാത്രം നൂറിലധികം രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുണ്ട്. ഏകദേശം 63,000-ത്തോളം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ തിരിച്ചറിഞ്ഞു. ഇന്ത്യ, യു.എ.ഇ, യുകെ, പോർച്ചുഗൽ, കെനിയ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ പണമിടപാടുകൾ.

വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് അസ്വാഭാവികമായ രീതിയിൽ പണം വരുന്നതും പോകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബാങ്കുകൾ അധികൃതർക്ക് വിവരം നൽകിയിട്ടുണ്ട്. ഏകദേശം 300-ഓളം വ്യക്തികളെ ഇത്തരത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭയവും നാണക്കേടും കാരണം പല ഇരകളും പരാതി നൽകാൻ മടിക്കുന്നത് കുറ്റവാളികൾക്ക് സഹായകരമാകുന്നുണ്ട്. ഇതിനെതിരെ കാനഡ സർക്കാർ 'നാഷണൽ ആൻ്റ് ഫ്രോഡ് സ്ട്രാറ്റജി' ആവിഷ്‌കരിച്ചിട്ടുണ്ട്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.