രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവുശിക്ഷ

By: 600002 On: Apr 24, 2026, 8:02 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: പുള്‍മാനില്‍ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മെക്‌സിക്കോയിലേക്ക് കടത്തിയ കേസില്‍ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. ബുധനാഴ്ച  ഈസ്റ്റേണ്‍ വാഷിംഗ്ടണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തോമസ് ഒ. റൈസ് ആണ് വിധി പ്രസ്താവിച്ചത്.

ആരോണ്‍ ഓങ് (പിതാവ്) മൂന്ന് വര്‍ഷം തടവ്. ശിക്ഷയ്ക്ക് ശേഷം മൂന്ന് വര്‍ഷം നിരീക്ഷണത്തിലായിരിക്കും.

ജെയിംസ് ഓങ് (പിതാവിന്റെ പിതാവ്) രണ്ടര വര്‍ഷം തടവ്. കൃത്യത്തിന് സഹായിച്ചതിനാണ് ശിക്ഷ. മോചനത്തിന് ശേഷം രണ്ട് വര്‍ഷം നിരീക്ഷണമുണ്ടാകും.

നാദിയ കോള്‍ (ആരോണിന്റെ പ്രതിശ്രുത വധു) ആറ് മാസം തടവ്. തട്ടിക്കൊണ്ടുപോകലില്‍ പങ്കാളിയായതിനാണ് ശിക്ഷ. ഒരു വര്‍ഷം നിരീക്ഷണത്തിലായിരിക്കും.

2024-ല്‍ കുട്ടിയെ അമ്മയ്ക്ക് കൈമാറേണ്ട സമയത്ത് നല്‍കാതെ ആരോണ്‍ കടന്നുകളയുകയായിരുന്നു. മെക്‌സിക്കന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാനുള്ള നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.