ന്യൂ ഓര്‍ലിയന്‍സ് ഫെസ്റ്റിവലില്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

By: 600002 On: Apr 24, 2026, 7:55 AM


 

പി പി ചെറിയാന്‍

ന്യൂ ഓര്‍ലിയന്‍സ്: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടക്കുന്ന പ്രശസ്തമായ 'ജാസ് ഫെസ്റ്റിവലില്‍' വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഫ്‌ലോറിഡയില്‍ വെച്ച് ഏപ്രില്‍ 22 ബുധനാഴ്ച പിടികൂടി. നോര്‍ത്ത് കരോലിന സ്വദേശിയായ ക്രിസ്റ്റഫര്‍ ഗില്ലം (45) ആണ് പിടിയിലായത്.

ഫ്‌ലോറിഡയിലെ ഡെസ്റ്റിനിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കും ഇരുന്നൂറോളം റൗണ്ട് വെടിക്കോപ്പുകളും കണ്ടെടുത്തു.

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂ ഓര്‍ലിയന്‍സ് ജാസ് ഫെസ്റ്റിവലില്‍ കൂട്ടക്കൊല നടത്താനായിരുന്നു ഇയാളുടെ നീക്കം. കറുത്തവര്‍ഗക്കാരെ ഉപദ്രവിക്കാന്‍ ഇയാള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വെടിവെപ്പിന് ശേഷം പോലീസിന്റെ വെടിയേറ്റ് മരിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.

'ഫ്‌ളോക്ക്' എന്ന അത്യാധുനിക ലൈസന്‍സ് പ്ലേറ്റ് റീഡര്‍ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

പത്ത് വര്‍ഷത്തിലേറെ നോര്‍ത്ത് കരോലിനയിലെ വിവിധ പോലീസ് ഏജന്‍സികളില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഗില്ലം. 2025 ജൂണില്‍ ഇയാള്‍ 'ഓഫീസര്‍ ഓഫ് ദി മന്ത്' ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ലൂസിയാനയിലെ ഉത്സവങ്ങള്‍ക്ക് നിലവില്‍ മറ്റ് ഭീഷണികളില്ലെന്നും അധികൃതര്‍ അറിയിച്ചു.