പി പി ചെറിയാന്‍
ഡിട്രോയിറ്റ്/പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം മുന്‍ എച്ച്.ഒ.ഡി.യും റിട്ടയര്‍ഡ് പ്രഫസറുമായിരുന്ന പ്രഫ. ടി. ടി. ഡാനിയേല്‍ ഏപ്രില്‍ 22ന് പത്തനംതിട്ടയില്‍ അന്തരിച്ചു.
ഫിലാഡല്‍ഫിയ മാര്‍ത്തോമാ സഭാംഗവും അമേരിക്കയിലെ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗീകനായ ഡോ വിനു ജോണ്‍ ഡാനിയേലിന്റെ പിതാവാണ് പരേതന്‍.
ശാസ്താംകോട്ട സിനിമ പറമ്പില്‍, തയ്യില്‍ തെക്കേതില്‍ കുടുംബത്തില്‍ എന്‍. തങ്കന്‍ സാറിന്റെ ഇളയ മകനായി ജനിച്ച അദ്ദേഹം, പത്തനംതിട്ട പുത്തന്‍പീടിക സന്തോഷ് ജംഗ്ഷനിലായിരുന്നു താമസം.
കഴിഞ്ഞ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം, സമൂഹത്തെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതമാണ് നയിച്ചിട്ടുള്ളത്.
ഭാര്യ: ശോശാമ്മ ഉമ്മന്‍ (കുഴിക്കാല സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപിക).
മക്കള്‍: ഡോ. വിനോ ജോണ്‍ ഡാനിയേല്‍ (അമേരിക്ക), വിനീത ആനി ഡാനിയേല്‍.( ഓസ്‌ട്രേലിയ)
പ്രിയപ്പെട്ട അധ്യാപകനും ഗാന്ധിയനുമായിരുന്ന അദ്ദേഹം, ഒട്ടേറെ വിദ്യാര്‍ത്ഥികളെ പ്രസംഗരംഗത്ത് കൈപിടിച്ചുയര്‍ത്തിയ ശ്രേഷ്ഠ ഗുരുവായിരുന്നു. .
വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ വ്യക്തിജീവിതത്തിലും ദിശാബോധം നല്‍കിയ അധ്യാപകനായിരുന്നു അദ്ദേഹം. സദുപദേശങ്ങളിലൂടെ ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ ഗുരുവര്യനായി വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എന്നും ജീവിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ജീവിതമാക്കിയിരുന്ന അദ്ദേഹം, സെന്റ് ബേസില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായും മദ്യനിരോധന സമിതി പ്രവര്‍ത്തകനായും ശ്രദ്ധേയ സേവനം കാഴ്ചവെച്ചു.
വാഗ്മി എന്ന നിലയില്‍ തന്റെ തനതായ ശൈലിയിലൂടെ ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അതുല്യമായിരുന്നു. കണ്‍വെന്‍ഷനുകള്‍ക്കും വിവിധ പ്രഭാഷണങ്ങള്‍ക്കുമായി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നു. ഡാനിയേല്‍ സാര്‍ പ്രസംഗിക്കുന്നുവെന്നറിഞ്ഞാല്‍ വലിയ ജനക്കൂട്ടം ഒഴുകിയെത്തുമായിരുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനും സുവിശേഷകനുമായിരുന്ന അദ്ദേഹം, തനതായ വാഗ്മിത്വത്തിലൂടെ ആയിരങ്ങളെ ആകര്‍ഷിച്ചിരുന്നു. പത്തനംതിട്ട ജെ.സി.ഐ പ്രസിഡന്റായും, വൈ.എം.സി.എ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും, ബൈബിള്‍ സൊസൈറ്റി പ്രവര്‍ത്തകനായും, എക്യുമെനിക്കല്‍ അസോസിയേഷന്‍ അംഗമായും, ശിശുക്ഷേമ സമിതി അംഗമായും വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. കോളേജില്‍ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രുഷകള്‍ ഏപ്രില്‍ 25 ശനിയാഴ്ച പത്തനംതിട്ടയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്കു ഡോ. വിനു ജോണ്‍ ഡാനിയേല്‍(ഡിട്രോയിറ്റ്)-1 267 644 6004.